നഗരങ്ങളിൽ അടുത്ത മാസം മുതൽ അപേക്ഷിച്ചാൽ ഉടൻ കെട്ടിടനിർമാണ പെർമിറ്റ്

11
Building permit with hardhat and blueprints. Certificate was created by photographer with a graphics program. Code number is ficticious.

സംസ്ഥാനത്തെ നഗരങ്ങളിൽ ഏപ്രിൽ ഒന്ന് മുതൽ അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. കോർപ്പറേഷൻ, നഗരസഭാ പരിധിയിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക് ആണ് ഇത് ബാധകമാകുക. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വന്ന് കെട്ടിടം പരിശോധിച്ച ശേഷമായിരുന്നു പെർമിറ്റ് നൽകിയിരുന്നത് ഇതാണ് ഒഴിവാക്കിയത്. പകരം കെട്ടിട ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഓൺലൈനിൽ സമർപ്പിച്ചാൽ മതി. അപേക്ഷിക്കുന്ന അന്നുതന്നെ സിസ്റ്റം ജനറേറ്റഡ് അനുമതി നൽകും. ഇതുവഴി പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഒഴിവാക്കാൻ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവരെ ഓൺലൈൻ ആയി സ്വയം സത്യവാങ്മൂലം നൽകുന്നത് ഓപ്ഷണൽ ആയിരുന്നത് ഏപ്രിൽ മുതൽ നിർബന്ധമാക്കും.

കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നത് പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജോലിഭാരം ലഘൂകരിക്കാനും വഴിയൊരുക്കും. അഴിമതി സാധ്യത ഇല്ലാതാക്കാൻ കഴിയും എന്നതാണ് മറ്റൊരു നേട്ടം. എന്നാൽ വസ്തുതകൾ മറച്ചുവെച്ചാണ് സത്യവാങ്മൂലം നൽകിയത് എന്ന് ബോധ്യപ്പെട്ടാൽ കെട്ടിട ഉടമയ്ക്കും ലൈസൻസിക്കും എതിരെ പിഴയും നടപടികളുണ്ടാവും. പുതിയ സംവിധാനം വൈകാതെ ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കും.

കെട്ടിട നിർമാണ പെർമിറ്റിന്റെ ഫീസ് ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും കുറവ് കെട്ടിടനിർമാണ പെർമിറ്റ് ഫീസ് ഉള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതാണ് കാലാനുസൃതമായി വർധിപ്പിക്കുന്നത്. കെട്ടിടങ്ങളിൽ പിന്നീട് വരുത്തുന്ന കൂട്ടിച്ചേർക്കലുകൾ, അനധികൃത നിർമാണങ്ങൾ എന്നിവ ജി.ഐ.എസ് അധിഷ്ഠിത മാപ്പിംഗിലൂടെ കണ്ടെത്തി നികുതി പിരിവ് ഊർജിതമാക്കും. ഇതിന് ഇൻഫർമേഷൻ കേരള മിഷൻ നേതൃത്വം നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർധിച്ചാൽ മാത്രമേ കാര്യക്ഷമതയും ഗുണനിലവാരവുമുള്ള സേവനം നൽകാൻ കഴിയൂ.

കെട്ടിടനിർമ്മാണ നികുതിയിൽ അഞ്ച് ശതമാനം ഉള്ള വാർഷിക വർധന ഏപ്രിൽ 1 മുതൽ നിലവിൽ വരും. എന്നാൽ 60 ചതുരശ്ര മീറ്റർ വരെ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടിന് നികുതി വർധന ബാധകമല്ല. ഈ ഇളവ് പക്ഷേ ഫ്‌ലാറ്റുകൾക്ക് ലഭിക്കില്ല.

നേരത്തെ 30 ചതുരശ്രമീറ്റർ വരെ വിസ്തീർണ്ണമുള്ള വീടുകളുള്ള ബി.പി.എൽ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നികുതിയിളവ്. അനധികൃത നിർമാണം കണ്ടെത്തിയാൽ മൂന്നിരട്ടി നികുതി ചുമത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പിലെ സ്ഥലംമാറ്റം പൂർണമായും ഓൺലൈൻ വഴിയാക്കി മാറ്റി. ഏപ്രിൽ 30 ഓടെ വകുപ്പിലെ സ്ഥലംമാറ്റം പൂർത്തിയാകും. ഇത് ശേഷം ജീവനക്കാരുടെ കാര്യക്ഷമതയും പ്രഫഷണലിസവും വർധിപ്പിക്കാൻ ജൂണിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പരിശീലനം നൽകും.എഞ്ചിനീയറിങ് വിഭാഗത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ഗുണമേന്മ പരിശോധനാ സംവിധാനം ഏർപ്പെടുത്തും. ഗുണമേന്മ പരിശോധിക്കുന്ന ലാബ്, ഹെൽപ്പ് ഡെസ്‌ക് എന്നിവയുൾപ്പെടെ സ്ഥാപിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റേറ്റിംഗ് നിശ്ചയിക്കുമെന്നും മന്ത്രി അറിയിച്ചു.

മാലിന്യ സംസ്‌കരണത്തിലെ മികവ്, അതിദാരിദ്ര ലഘൂകരണ പദ്ധതിയിലെ മികവ്, ഫയൽ തീർപ്പാക്കുന്നതിന് വേഗത, സിറ്റിസൺ ഫീഡ്ബാക്ക് എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കുമിത്. ഇതിന് പുറമെ, വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥർ, ഫീൽഡിൽ ഉള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് റേറ്റിംഗ് നിശ്ചയിക്കുന്ന കാര്യം പരിഗണനയിലാണ്. സിറ്റിസൺ ഫീഡ് ബാക്കിൽ തദ്ദേശസ്ഥാപനങ്ങളെ കുറിച്ച് ജനങ്ങൾക്ക് മാർക്ക് നൽകാം.

പരാതികൾ പരിഹരിക്കാൻ കാര്യക്ഷമമായ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. ഉപജില്ല, ജില്ലാ, സംസ്ഥാന തലത്തിൽ അദാലത്തുകൾ സ്ഥിരമായി നടത്താനാണ് തീരുമാനം. ഉപജില്ലാ തലത്തിൽ 10 ദിവസം കൂടുമ്പോഴും ജില്ലാ തലത്തിൽ 15 ദിവസം കൂടുമ്പോഴും സംസ്ഥാന തലത്തിൽ ഓരോ മാസവും അദാലത്ത് നടത്തും. പരാതികൾ ഓൺലൈനായി സ്വീകരിക്കാൻ പോർട്ടൽ നിലവിൽ വരും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫീസിനോട് ചേർന്ന് പൊതുജന സേവന കേന്ദ്രങ്ങൾ ഏപ്രിൽ മുതൽ നിലവിൽ വരും. നഗരസഭകളിലെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനുള്ള കെ-സ്മാർട്ട് പ്ലാറ്റ്‌ഫോം ഏപ്രിൽ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ പ്ലാറ്റ്‌ഫോമിലൂടെ ജനന-മരണ രജിസ്‌ട്രേഷൻ, വ്യാപാര ലൈസൻസ്, പൊതുപരാതി പരിഹാര സംവിധാനം എന്നീ സേവനങ്ങൾ ലഭ്യമാകും. നവംബർ ഒന്നോടെ എല്ലാ സേവനങ്ങളും പൂർണതോതിൽ കെ-സ്മാർട്ട് വഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ദ്രവ്യ മാലിന്യ സംസ്‌കരണ രംഗത്ത് 10 ഓളം പ്ലാന്റുകളുടെ നിർമാണം മെയ് 31നകം പൂർത്തിയാകും. അധിവേഗം നഗരവൽക്കരണം നടക്കുന്ന കേരളത്തിന് ഒരു നഗര നയം രൂപീകരിക്കുന്നതിനായി അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി അർബൻ കമ്മീഷൻ രൂപീകരിക്കുമെന്നും തദ്ദേശ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY