ഇന്നു (04 മേയ്) മുതൽ ഒമ്പതു വരെ കടുത്ത നിയന്ത്രണങ്ങൾ – ജില്ലയിൽ കർശനമായി നടപ്പാക്കുമെന്നു കളക്ടർ – പൊതുജനങ്ങൾ സഹകരിക്കണം

27

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നു(04 മേയ്) മുതൽ ഒമ്പതു വരെ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടു പൊതുജനങ്ങൾ പൂർണമായി സഹകരിക്കണ മെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. അത്യാവശ്യ കാര്യങ്ങളുണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ. അല്ലാത്തവർ വീടുകളിൽത്തന്നെ കഴിയണം. ഈ ദിവസങ്ങളിൽ ജില്ലയിൽ കനത്ത പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

* അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. മെഡിക്കൽ സ്റ്റോറുകൾ, പലചരക്കു കടകൾ, പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, പാൽ, മത്സ്യം, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ, വാഹന വർക്ക്‌ഷോപ്പുകൾ, സർവീസ് സെന്ററുകൾ തുടങ്ങിയവ തുറക്കാം. തിരുവനന്തപുരം ജില്ലയിൽ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലും സി.ആർ.പി.സി. 144 പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളുമാണ്. ഈ സ്ഥലങ്ങളിലെല്ലാം 7.30നുതന്നെ കടകൾ അടയ്ക്കണം. എല്ലാ കടകളും രാത്രി ഒമ്പതിന് അടയ്ക്കണം. കണ്ടെയ്ൻമെന്റ് സോണുകളിലും ജില്ലയിൽ സി.ആർ.പി.സി. 144പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും കടകൾ 7.30ന് അടയ്ക്കണം. ആളുകൾ പുറത്തിറങ്ങുന്നതു കുറയ്ക്കാൻ അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. കടകളിലുള്ളവർ രണ്ടു ലെയർ മാസ്‌ക് ധരിക്കണം. കർശന കോവിഡ് മാനദണ്ഡങ്ങളും ജാഗ്രതയും പാലിക്കണം.

* ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാഴ്‌സൽ, ടേക്ക് എവേ കൗണ്ടറുകൾ മാത്രമേ അനുവദിക്കൂ. ഇവ രാത്രി ഒമ്പതിനു പ്രവർത്തനം അവസാനിപ്പിക്കണം.

* ബാങ്കിങ് സേവനങ്ങൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാക്കണം. രണ്ടു മണി വരെ ജീവനക്കാർക്ക് ബാങ്കിലെ ആഭ്യന്തര ജോലികൾ പൂർത്തിയാക്കാനായി ഇരിക്കാം. എല്ലാ ഇടപാടുകാരെയും കഴിയാവുന്നത്ര ഓൺലൈൻ ഇടപാടുകൾക്കു പ്രോത്സാഹിപ്പിക്കണം.

* ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാന സർവീസ് എന്നിവ അനുവദിക്കും. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ തുടങ്ങിയിടങ്ങളിലേക്കുള്ള പൊതുഗതാഗതം, ചരക്കുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ടാക്‌സികൾ എന്നിവ അനുവദിക്കും. ഇങ്ങനെ യാത്രചെയ്യുന്നവർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും ആവശ്യമായ യാത്രാരേഖകൾ കൈവശംവയ്ക്കുകയും വേണം.

* വിവാഹം(പരമാവധി 50 പേർ), ഗൃഹപ്രവേശം തുടങ്ങിയവ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകളിൽ 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

* അന്യസംസ്ഥാന തൊഴിലാളികൾ ഇപ്പോഴുള്ളിടങ്ങളിൽത്തന്നെ ജോലി തുടരണം. ഇവർ കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

* റേഷൻ കടകൾ, മറ്റു സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ പ്രവർത്തിക്കും.

* കൃഷി, തോട്ടം, മൃഗസംരക്ഷണം, വ്യവസായം, ചെറുകിട വ്യവസായം, നിർമാണ മേഖല തുടങ്ങിയവ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി അനുവദിക്കും.

* ആരാധനാലയങ്ങളിൽ രണ്ടു മീറ്റർ സാമൂഹിക അകലം നിർബന്ധമാണ്. ചടങ്ങുകൾക്ക് 50 പേരിൽക്കൂടുതൽ ഒരു കാരണവശാലും അനുവദിക്കില്ല.

* സിനിമ, സീരിയൽ, ഡോക്യുമെന്ററി ഷൂട്ടിങ് അനുവദിക്കില്ല.

* അവശ്യ സേവന വിഭാഗങ്ങളായ സർക്കാർ സ്ഥാപനങ്ങൾ പൂർണമായി പ്രവർത്തിക്കും. മറ്റു വകുപ്പുകൾ അത്യാവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കും.

* 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയ്ക്കും അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. ഇവിടങ്ങളിലെ ജീവനക്കാർ നിർബന്ധമായും ഐഡി കാർഡ് കൈയിൽ കരുതണം.

* മെഡിക്കൽ ഓക്‌സിൻ നീക്കം തടസപ്പെടില്ല. ഓക്‌സിജൻ ടെക്‌നിഷ്യൻമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ തുടങ്ങിയവർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.

* ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ, പെട്രോളിയം, എൽപിജി സേവന ദാതാക്കൾ തുടങ്ങിയവർക്കു പ്രവർത്തിക്കാം. തിരിച്ചറിൽ കാർഡ് കൈയിൽ കരുതണം. ഐടി സ്ഥാപനങ്ങൾ അത്യാവശ്യ ജീവനക്കാരെ മാത്രം വച്ച് പ്രവർത്തിക്കണം. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സംവിധാനമൊരുക്കണം.

* രോഗികൾ, കൂട്ടിരിപ്പുകാർ, വാക്‌സിനേഷനു പോകുന്നവർ എന്നിവർക്കു യാത്ര ചെയ്യാം. ഇവരും തിരിച്ചറിയൽ രേഖകൾ കരുതണം.

NO COMMENTS