എറണാകുളത്ത് തിരഞ്ഞെടുപ്പ് ആവേശം ഉള്‍ക്കൊള്ളാന്‍ ഇതുവരെ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല.

127

എറണാകുളം:എറണാകുളത്ത് തിരഞ്ഞെടുപ്പ് ആവേശം ഉള്‍ക്കൊള്ളാന്‍ ഇതുവരെ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല.
ഒക്ടോബര്‍ 21 ന് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് മണ്ഡലങ്ങളിലും വീറും വാശിയും കൊടുമ്പിരികൊള്ളുമ്പോള്‍ പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാണെങ്കിലും വളരെ നിസ്സംഗതയോടെയാണ് വോട്ടര്‍മാര്‍ ഉപ തിരഞ്ഞെട പ്പിനെ കാണുന്നത്.

തങ്ങളുടെ കുത്തക മണ്ഡലമെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോഴും ബിജെപി പിടിക്കുന്ന വോട്ടുകളാണ് മണ്ഡ‍ലത്തില്‍ ഇത്തവണ ഏറെ നിര്‍ണ്ണായകമാവുക.വോട്ടര്‍മാരുടെ നിസ്സംഗത പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. 71.72 ശതമാനമാണ് 2016 ലെ മണ്ഡലത്തിലെ പോളിങ്. ഉപതിരഞ്ഞെടുപ്പില്‍ പോളിങ് 70 ശതമാനമെങ്കിലും എത്തിക്കാനുള്ള പെടാപ്പാടിലാണ് മുന്നണികള്‍.

എറണാകുളത്ത് ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രധാന മത്സരമെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ പിടിക്കുന്ന ഒരു വോട്ടുമായിരിക്കും ഉപതിരഞ്ഞെടുപ്പിലെ വിജയിയെ നിര്‍ണ്ണയിക്കുക. നിയസമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി അവരുടെ ജനകീയനായ സ്ഥാനാര്‍ത്ഥിയെ തന്നെ പോരിന് ഇറക്കിയത്.

മുത്തു എന്ന വിളിപ്പേരില്‍ എറണാകുളത്തുകാര്‍ക്കിടയില്‍ സുപരിചിതനായ സിജി രാജഗോപാലിന് മണ്ഡ‍ലത്തില്‍ ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ നിക്ഷ്പക്ഷ വോട്ടുകളില്‍ വലിയൊരളവ് രാജഗോപാലിന് നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ഇതര വോട്ടുകള്‍ സമാഹരിക്കാന്‍ ശ്രമിക്കുന്ന സിപി എമ്മി നായിരിക്കും രജാഗോപാല്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുക.

ലത്തീന്‍ വിഭാഗത്തില്‍ നിന്നുള്ള മനുറോയിയെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും കാലങ്ങളായി കോണ്‍ഗ്രസിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുന്ന ലത്തീന്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സിപിഎമ്മിന് കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല. ഈ സാഹചര്യത്തില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണം നിര്‍ണ്ണായകമാണ്.

ഹിന്ദുവോട്ടുകള്‍ കൂടതലായി സമാഹരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞാല്‍ അതില്‍ വലിയ നഷ്ടം സംഭവിക്കുക ഇടതുമുന്നണിക്കായിരിക്കുമെന്നാണ് വിലിയിരുത്തല്‍. മണ്ഡലത്തില്‍ സ്വാധീനമുള്ള ഗൗഡ സാരസ്വത സമുദായക്കാരനാണ് സിജി രാജഗോപാല്‍ എന്നതും പ്രധാനമാണ്.

ഗൗഡ സാരസ്വത വോട്ടുകള്‍ ബിജെപിയിലേക്ക് സമാഹരിക്കപ്പെട്ടാല്‍ അതിന്‍റെ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെയാണ്. മണ്ഡലത്തിൽ അടുത്ത കാലത്തൊന്നും ഒരു ഗൗഡ സാരസ്വത സമുദായ അംഗം സ്ഥാനാർത്ഥി യായിട്ടില്ല.അതുകൊണ്ട് ബി ജെ പിയുടെ വോട്ട് വിഹിതത്തിൽ ഇക്കുറി വളർച്ച ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല.

രാജഗോപാലിന്‍റെ സ്വീകാര്യത കൂടി മണ്ഡലത്തില്‍ നിര്‍ണ്ണായകമാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച എന്‍ കെ മോഹന്‍ ദാസ് ഈ മണ്ഡലത്തില്‍ നിന്ന് നേടിയത് 14878 വോട്ടുകളാണ്. ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം അത് 17769 ആയി ഉയര്‍ത്തി. ഈ വോട്ട് വിഹിതത്തില്‍ രണ്ടോ മൂന്നോ ശതമാനത്തിന്‍റെ മാറ്റം ഉണ്ടായാല്‍ അത് മണ്ഡലത്തില്‍ നിര്‍ണ്ണായകമാവും.

അതേസമയം. തങ്ങളുടെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാകാനുള്ള സാദ്ധ്യത യുഡിഎഫ് നേതൃത്വം പാടെ തള്ളിക്കളയുകയാണ്. ബിജെപി അധികമായി പിടിക്കുന്ന വോട്ടുകള്‍ ഇടതുമുന്നണിക്ക് ക്ഷീണം ചെയ്യുമെന്നാണ് യുഡിഎഫിന്‍റെ പൊതു കാഴ്ച്ചപ്പാട്. പരമ്പരാഗതമായി കോണ്‍ഗ്രസ് കോട്ട എന്നതിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് ലഭിച്ച വന്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മാത്രം ലഭിച്ചത് 31,178 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന് ലഭിച്ചത്. ഈ സംഖ്യ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടി ജെ വിനോദിന് കാല്‍ലക്ഷം ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദും മുന്നോട്ട് വെയ്ക്കുന്നത്.

1957 മുതല്‍ 2016 വരെ 16 തിരഞ്ഞെടുപ്പുകള്‍ക്കാണ് എറണാകുളം മണ്ഡ‍ലം സാക്ഷിയായത്. ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ മണ്ഡലം കൃത്യമായ കോണ്‍ഗ്രസ് ചായ്വ് പ്രകടമാക്കി. ഇന്നും അത് തുടരുന്നു. 16 തിരഞ്ഞെടുപ്പില്‍ 2 തവണ മാത്രമാണ് എറണാകുളം കോണ്‍ഗ്രസിനെ കൈവിട്ടത്. 1987 ല്‍ വികെ സാനുമാസ്റ്ററും 1998 ല്‍ സെബാസ്റ്റ്യന്‍ പോളുമാണ് എറണാകുളത്ത് നിന്ന് വിജയിച്ച കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥികള്‍. രണ്ടു പേരും ഇടത് സ്വതന്ത്രരായിട്ടായിരുന്നു മത്സരിച്ചത്

NO COMMENTS