തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന മലയാളികളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. സാമ്ബത്തിക പ്രതിസന്ധിയും സ്വദേശിവല്‍ക്കരണവും കാരണം അവസരങ്ങള്‍ കുറയുന്നതാണ് ഇതിന് കാരണം. അതേ സമയം വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സര്‍വ്വേ പ്രകാരം 2014ല്‍ 36.5 ലക്ഷം ആളുകളാണ് വിവിധ വിദേശ രാജ്യങ്ങളിലായി ജോലി ചെയ്തിരുന്നത്. എന്നാല്‍ 2018ല്‍ ഇത് 34.17 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്.
വിദേശത്തേയ്ക്ക് പുതിയതായി തൊഴില്‍ തേടി പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2014ല്‍ 24 ലക്ഷം പേര്‍ വിദേശത്തേയ്ക്ക് തൊഴിലവസരങ്ങള്‍ തേടി പോയപ്പോള്‍ 2018ല്‍ അത് 21.2 ലക്ഷമായി ചുരുങ്ങി. വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 12.94 ലക്ഷം മലയാളികളാണ് വിദേശത്ത് നിന്ന് മടങ്ങിയത്. 2014ല്‍ 11.4 ലക്ഷം ആളുകളാണ് വിദേശ തൊഴില്‍ അവസാനിപ്പിച്ച് മടങ്ങിയത്. അഞ്ച് വര്‍ഷത്തിനിടെ വിദേശ മലയാളികളുടെ എണ്ണത്തില്‍ 2.36 ലക്ഷത്തിന്റെ കുറവുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വിദേശത്ത് നിന്നും മടങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. ഗള്‍ഫ് മേഖലയിലാണ് ഏറ്റവും അധികം മലയാളികള്‍ തൊഴിലെടുക്കുന്നത്.