ദില്ലി: ഇന്ത്യയിലൊട്ടാകെ 80 നഗരങ്ങളാണ് മാർച്ച് 31 വരെ പൂർണമായി അടച്ചിടുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂ എന്നീ നഗരങ്ങളുൾപ്പെടെയുള്ള നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്. കേരളത്തിൽ കാസർഗോഡ് ജില്ല മാത്രമാണ് അടച്ചിടുന്നത്. മഹാരാഷ്ട്ര, കേരളം, ദില്ലി, ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, പശ്ചിമബംഗാൾ, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ പുതുച്ചേരി, ജമ്മു കശ്മീർ, ലഡാക്ക് എന്നാ കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണ ഭീതിയെത്തുടർന്ന് അടച്ചിടും.
ട്രെയിൻ, മെട്രോ സർവ്വീസുകൾക്ക് പുറമേ അന്തർസംസ്ഥാന ബസ് സർവീസുകളും മാർച്ച് 31 വരെ റദ്ദാക്കിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് അടച്ചിടാനുള്ള നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.ദില്ലിയിലെ എല്ലാ അതിർത്തികളും അടച്ചിട്ടതിന് പുറമേ ടാക്സി, ഓട്ടോറിക്ഷാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്കും വിലക്കുണ്ട്. പോലീസ്, ആരോഗ്യവകുപ്പ് ജീവനക്കാർ, അഗ്നിശമന സേന, ജയിൽ, വൈദ്യുതി, വെള്ളം, പെട്രോൾ പമ്പ് എന്നിവയെ അടച്ചിടലിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. തെലങ്കാനയും അതിർത്തികൾ അടച്ചിട്ടിട്ടുണ്ട്. പൊതു ഗതാഗത സംവിധാനം റദ്ദാക്കിയിട്ടുണ്ട്. ഗോവയിൽ വിനോദസഞ്ചാരികൾ, ബസുകൾ, യാത്രക്കാർ എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പൂർണമായി അടച്ചിടുന്ന പ്രദേശങ്ങളിൽ പലവ്യജ്ഞനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ലഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം പാൽവിതരണ ബൂത്തുകൾ, പാചകവാതക ടെലികോം സർവീസ്, ഭക്ഷണങ്ങളുടെ ഹോം ഡെലിവറി, ബാങ്ക്, എടിഎം സേവനങ്ങൾ, ആശുപത്രി, ഫാർമസി, ഇ കൊമേഴ്സ് സേവനങ്ങൾ, പരിമിതമായ പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ ലഭ്യമാകുമെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർക്കുന്നു.
മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്റർ, സ്കൂളുകൾ, കോളേജുകൾ, ജിമ്മുകൾ എന്നിവ മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടിട്ടുണ്ട്. രാജ്യത്തെ മിക്ക നഗരങ്ങളിലും നിരോധനാജ്ഞയും നിലവിലുണ്ട്. അഞ്ചിലധികം പേർ കൂടിച്ചേരുന്നതിനും വിലക്കുണ്ട്.396 പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 81 കേസുകൾ ഞായറാഴ്ച മാത്രം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഏഴ് പേരാണ് രാജ്യത്ത് ഇതിനകം മരണമടഞ്ഞിട്ടുള്ളത്. ഏഴ് മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മുംബൈ, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് ഒറ്റദിവസം കൊണ്ട് മരിച്ചത്. ഇതോടെയാണ് സംസ്ഥാന- കേന്ദ്രസർക്കാരുകൾ കർശന നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തുന്നത്. ലോകത്ത് 13, 049 പേരാണ് കൊറോണയെത്തുടർന്ന് മരണമടഞ്ഞിട്ടുള്ളത്. 3. 7 പേരെ രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.
ആന്ധപ്രദേശിൽ മാർച്ച് 31 വരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് സർക്കാർ നൽകിയിട്ടുള്ള നിർദേശം. പൊതു- സ്വകാര്യ ഗതാഗത സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടണ്ട്. അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.