ന്യൂഡല്‍ഹി: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യം ഔദ്യോഗികമായി പാര്‍ട്ടി കേന്ദ്ര നേതൃത്വം ശോഭയെ അറിയിച്ചുവെന്നാണ് വിവരം. ബിജെപി ആസ്ഥാനത്ത് നിന്നും അറിയിപ്പ് ലഭിച്ചു എന്നാണ് സൂചന.
പാര്‍ട്ടിയിലെ മറ്റ് എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഈ തീരുമാനത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുകൊണ്ട് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്. നേരത്തെ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
ശോഭയുടെ പേര് എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ശോഭാ സുരേന്ദ്രനെ ഫോണില്‍ ബന്ധപ്പെടുകയും താന്‍ മത്സരിക്കാന്‍ തയാറാണെന്ന് ശോഭ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടും ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായതോടെയാണ് ശോഭയ്ക്ക് കഴക്കൂട്ടത്ത് സീറ്റുറച്ചത്.എന്നാല്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.