സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ റയല്‍ 3-2ന് ലെവന്റയെ കീഴടക്കി.

228

മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടു സമനിലകള്‍ക്കുശേഷമാണ് റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും വിജയം. കരീം ബെന്‍സമ ഇരട്ടഗോള്‍ (25, 31) നേടി. കാസെമിറോയും (40) സ്‌കോര്‍ ചെയ്തു. ലെവന്റയ്ക്കായി ബോറിയ മയോറല്‍, ഗോണ്‍സാലോ മെലേറോ എന്നിവര്‍ ലക്ഷ്യംകണ്ടു. ആദ്യപകുതിയിലെ മിന്നുന്ന പ്രകടനമാണ് റയലിന് ജയം സമ്മാനിച്ചത്. റയല്‍ 3-2ന് ലെവന്റയെ കീഴടക്കി വിജയവഴിയില്‍ തിരിച്ചെത്തി.

രണ്ടാം പകുതിയില്‍ രണ്ടുഗോള്‍ തിരിച്ചടിച്ച്‌ ലെവന്റ എതിരാളികളെ വിറപ്പിച്ചു. റയലിനായി ബെല്‍ജിയം താരം ഇഡന്‍ ഹസാര്‍ഡും എഡര്‍ മിലിറ്റോയും ലാലിഗയില്‍ അരങ്ങേറി. കാസെമിറോക്ക് പകരമാണ് ഹസാര്‍ഡ് കളത്തിലെത്തിയത്. മിലിറ്റോ സെര്‍ജിയോ റാമോസിന്റെ പകരക്കാരനായി.നാലു കളിയില്‍നിന്ന് എട്ടു പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്താണ്. മൂന്നു കളിയില്‍നിന്ന് ഇത്രയും പോയന്റുള്ള അത്ലറ്റിക്കോ മഡ്രിഡാണ് ഒന്നാമത്.

ലാ ലീഗയില്‍ നിലവിലെ ചാമ്ബ്യന്മാരായ ബാഴ്‌സലോണ വലന്‍സിയയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. യുവതാരങ്ങളായ ഡിയോങും അന്‍സു ഫാതിയും സ്‌കോര്‍ ചെയ്തപ്പോള്‍ പിക്വെയും ഇരട്ട ഗോളുകളുമായി സുവാരസും ബാഴ്‌സക്ക് വേണ്ടി അക്രമണമേറ്റെടുത്തു. വലന്‍സിയയുടെ ആശ്വാസ ഗോളുകള്‍ കെവിന്‍ ഗെമെയ്രോയും മാക്‌സി ഗോമസും നേടി.

പതിനാറുകാരനായ അന്‍സു ഫതി ഒരു ഗോളടിച്ചതിനൊപ്പം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. കന്നി ഗോളടിച്ച ഡിയോങ്ങും ഗോളും അസിസ്റ്റുമായി കളം നിറഞ്ഞു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം വലന്‍സിയ ഗെമെയ്രോയിലൂടെ ഗോളടിക്കുകയായിരുന്നു. ആദ്യം ഒഫ്‌സൈഡ് വിളിച്ചെങ്കിലും വാറിന്റെ ഇടപെടലിലൂടെ ഗോള്‍ അനുവദിച്ചു. ഇതോടെ 2-1 ആയി.

പിന്നീട് തിരിച്ചുവരാന്‍ വലന്‍സിയക്ക് കഴിഞ്ഞില്ല. പിക്വെയുടെ ഗോള്‍ ബാഴ്‌സയുടെ ലീഡ് രണ്ടായുയര്‍ത്തി. വൈകാതെ പരിക്കില്‍ നിന്നും മോചിതനായി തിരികെയെത്തിയ സുവാരസ് ഇരട്ട ഗോളുകളുമായി വലന്‍സിയയെ വിറപ്പിച്ചു. ഇതോടെ 5-1ന് ബാഴ്‌സ മുന്നിലെത്തി. 92-ാം മിനിറ്റിലായിരുന്നു വലന്‍സിയക്കായി മാക്‌സി ഗോമസിന്റെ ഗോള്‍. എന്നാല്‍ വലന്‍സിയ വൈകിപ്പോയിരുന്നു. ബാഴ്‌സ അപ്പോഴേക്കും വിജയമുറപ്പിച്ചിരുന്നു. ലാ ലിഗയില്‍ ബാഴ്‌സ നിലവില്‍ നാലാം സ്ഥാനത്താണ്.

NO COMMENTS