രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന തീരുമാനം മാറ്റുന്നതിനായി പൂജയും സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

169

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം മാറ്റുന്നതിനായി പൂജയും സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് രാഹുല്‍ ഗാന്ധിയുടെ മനസ്സ് മാറാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാഗം നടത്തിയത്. കെപിസിസി ആസ്ഥാനത്തിന് സമീപമായിരുന്നു പ്രവര്‍ത്തകരുടെ യാഗം. രാജി തീരുമാനം ഉപേക്ഷിക്കും വരെ യാഗം തുടരുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗോപാല്‍ ദേല്‍വാല്‍ പറഞ്ഞു.

ബംഗളൂരുവില്‍ പാര്‍ട്ടി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി രാജിവെയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ എത്തി. രാഹുല്‍ ഗാന്ധി തീരുമാനം മാറ്റണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി രാഹുല്‍ ഗാന്ധി സ്ഥാനം രാജിവെക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാനായി ദേശീയ നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് രാഹുലിനെ വസതിയില്‍ സന്ദര്‍ശിച്ചു.

തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി ഏറ്റെടുക്കേണ്ടതില്ലെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവരും രാഹുല്‍ ഗാന്ധി തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അതേസമയം തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. നാളെ നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും.

NO COMMENTS