ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളില്‍ പ്രതിയായ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കോടതിയില്‍ കീഴടങ്ങും

133

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ.കെ.പി.പ്രകാശ് ബാബു ഇന്ന് റാന്നി കോടതിയില്‍ കീഴടങ്ങും. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളില്‍ പ്രതിയാണ് പ്രകാശ് ബാബു.

ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങുന്നത്. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.

ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പ്രകാശ് ബാബുവിനെതിരെ നിരവധി കേസുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം,​ തനിക്കെതിരെയുള്ള കേസുകളെല്ലാം വ്യാജമാണെന്നും എന്നാല്‍, അതില്‍ അഭിമാനിക്കുന്നുവെന്നും പ്രകാശ് ബാബു നേരത്തെ പ്രതികരിച്ചിരുന്നു.

NO COMMENTS