ഗിന്നസ് റെക്കോര്‍ഡിലിടം നേടിയ 88 വയസ്സുണ്ടായിരുന്ന ‘ദാക്ഷായണി’ ചരിഞ്ഞു.

161

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയെന്ന് ​ഗിന്നസ് റെക്കോര്‍ഡിലിടം നേടിയ ‘ദാക്ഷായണി’ ചരിഞ്ഞു. 88 വയസ്സുണ്ടായിരുന്ന ദാക്ഷായണി ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയായിരുന്നു. തിരുവനന്തപുരത്തെ പാപ്പനംകോട് ആനക്കൊട്ടിലില്‍ വിശ്രമത്തിലായിരുന്നു ദാക്ഷായണി. 2003-ല്‍ 73-മത്തെ വയസ്സിലാണ് ​ഗിന്നസ് റെക്കോര്‍ഡിലേക്ക് ദാക്ഷായണി എത്തുന്നത്. ഒരു പിടിയാന ഏറ്റവും പ്രായം കൂടിയ ആന എന്ന ബഹുമതിയിലേക്ക് എത്തുന്നത് ആദ്യമായിട്ടായിരുന്നു. ആനകളുടെ ശരാശരി ആയുസ്സ് 60 വര്‍ഷമാണ്.

അഞ്ച് വയസ്സുളളപ്പോഴാണ് കോന്നി ആനക്കൊട്ടിലില്‍ നിന്നും ദാക്ഷായണി തിരുവിതാംകൂര്‍ കൊട്ടാരത്തിലെത്തുന്നത്. 1949 ല്‍ തിരുവിതാംകൂര്‍ കൊട്ടാരം ദാക്ഷായണിയെ ദേവസ്വം ബോര്‍ഡിനെ ഏല്‍പിച്ചു. അവിടെ നിന്ന് ആറ്റിങ്ങല്‍ തിരുവാറാട്ട് കാവ് ക്ഷേത്രത്തിലെത്തി. പിന്നീടാണ് ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തിയത്. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് നടത്തിയ ആന എന്ന ബഹുമതിയും ദാക്ഷായണിക്കാണ്. 2016 ല്‍ ദാക്ഷായണിയെ ​ഗജരാജമുത്തശ്ശി പട്ടം നല്‍കി ആദരിച്ചിരുന്നു.പ്രായമായതോടെ ദാക്ഷായണി വിശ്രമത്തിലായിരുന്നു.

NO COMMENTS