കോഴിക്കോട് :എഴുപതുകളുടെ അവസാനം യൂണിവേഴ്സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എസ് ഇ.ജയിംസ് (70) നിര്യാതനായി. അദ്ദേഹം എഴുത്തുകാരനും ദീര്‍ഘകാലം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ മലയാളം അധ്യാപകനുമായിരുന്നു . വെള്ളിമാട്‌കുന്ന് നെടൂളിയില്‍ അമ്മു വീട്ടില്‍ ശനിയാഴ്‌ച ഉച്ചയോടെ ജയിംസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒറ്റയ്‌ക്കായിരുന്ന താമസം.
പരിസരവാസികള്‍ വീട്ടിലെത്തിയപ്പോള്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുക യായിരുന്നു. പൊലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് സ്‌റ്റെപ്പില്‍ ജയിംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയില്ലെന്നും ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ഇദ്ദേഹം 1980 മുതല്‍ കോഴിക്കോട് കൃസ്‌ത്യന്‍ കോളജില്‍ മലയാളം അധ്യാപകനായിരുന്നു. 2002ല്‍ വിരമിച്ചു. സംവത്സരങ്ങള്‍,മൂവന്തിപ്പൂക്കള്‍ എന്നീ നോവലുകളും വൈദ്യന്‍ കുന്ന് എന്ന കഥാസമാഹാരവും രചിച്ചിട്ടുണ്ട്. ചരിത്രവും മിത്തും ഇഴചേര്‍ത്ത് തെക്കന്‍ തിരുവിതാംകൂറിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥപറയുന്ന സംവത്സരങ്ങള്‍ എന്ന നോവല്‍ എഴുതിയിട്ടുണ്ട്.
ദളിത് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ നോവലില്‍ അയ്യങ്കാളിയും അദ്ദേഹത്തിന്റെ സമരങ്ങളും പരാമര്‍ശി ക്കുന്നുണ്ട്. മാമ്മന്‍ മാപ്പിള നോവല്‍ അവാര്‍ഡ് ലഭിച്ച ഈ കൃതി ചിന്ത പബ്ളിഷേഴ്സ് ആണ് പ്രസിദ്ധീകരിച്ചത്. കൂടാതെ നാടകങ്ങളും തിരക്കഥകളും രചിച്ചിരുന്നു. മലയാളത്തിലെ ചില ആനുകാലികങ്ങളിലും ജയിംസ് പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഏക മകന്‍ അലക്സിന്റെ കൂടെ ബംഗളൂരിലായിരുന്നു ജയിംസ് താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്കു മുമ്ബാണ് കോഴിക്കോട് തിരിച്ചെത്തിയത്.വെള്ളിമാടുകുന്നിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കവെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ജയിംസ് 1978 മുതല്‍ 79 വരെ യൂണിയന്‍ ചെയര്‍മാനായിരുന്നു.