ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുവേണ്ടി കോൺഗ്രസിനുമേൽ ലീഗ് കടുത്ത സമ്മർദത്തിനില്ലെന്ന് സൂചന.

140

മലപ്പുറം: പകരം എന്തുനിലപാട് സ്വീകരിക്കുമെന്നത് ഞായറാഴ്ച പാണക്കാട്ട് ചേരുന്ന മുസ്‌ലിംലീഗ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കും. പാർട്ടിയിലെ എല്ലാ എം.എൽ.എ.മാരും എം.പി.മാരും യോഗത്തിൽ പങ്കെടുക്കും.ദേശീയരാഷ്ട്രീയത്തിൽ നിർണായകമെന്ന് കരുതുന്ന ഈ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽതന്നെ ഒരു സീറ്റിന്റെ കാര്യംമാത്രം ഒരു വിഷയമായി ചർച്ചചെയ്തു മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്ന വിചാരമാണ് ഈ നിലപാടിന് കാരണമെന്നാണ് സൂചന.

എന്നാൽ ലീഗിനുള്ളിലും പാർട്ടിയുമായി അടുത്ത് പ്രവർത്തിക്കുന്ന സമസ്തയിലും മൂന്നാമതൊരു സീറ്റ്കൂടി വേണമെന്ന ആവശ്യമുയർന്നത്‌ പെട്ടെന്ന് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഞായറാഴ്ചത്തെ യോഗത്തിൽ ഇതുസംബന്ധിച്ച് ശക്തമായ നിലപാട് കൈക്കൊള്ളേണ്ടിവരും. കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ അഞ്ചാം മന്ത്രിക്കുവേണ്ടി നടന്ന നീക്കങ്ങൾ അക്കാലത്ത് ലീഗിനെ എങ്ങനെയൊക്കെ പ്രതിരോധത്തിലാക്കിയെന്നതും ഈ അവസരത്തിൽ ലീഗ് വിലയിരുത്തിയിട്ടുണ്ട്.

സ്ഥാനാർഥി നിർണയത്തിനുള്ള യു.ഡി.എഫ്. യോഗത്തിന് മുമ്പുതന്നെ ലീഗ് മൂന്നാം സീറ്റിനെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു.
മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരംഗത്തെക്കൂടി ലഭിക്കുകയെന്ന ലക്ഷ്യമാണ് ഇക്കാര്യത്തിൽ സമസ്ത ഉന്നംവെച്ചതെന്നും ചൂണ്ടിക്കാട്ടുന്നു

NO COMMENTS