കൊച്ചി: മാനവരാശിയെ വിഴുങ്ങുവാന്‍ സാങ്കേതികവിദ്യയെ അനുവദിക്കുന്നതില്‍ യൂറോപ്പും അമേരിക്കയും വിലപിക്കാത്തതിലുള്ള ധ്വനിയെ ‘സോറോ ഫോര്‍ ദ റിയല്‍ സോറോ’ എന്ന കലാസൃഷ്ടിലൂടെ പ്രതിഫലിപ്പിക്കുകയാണ് കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം ലക്കത്തില്‍ യുവകലാകാരിയായ തബിതാ രിസൈര്‍. 108 ദിവസത്തെ ബിനാലെയില്‍ ക്ഷമാപണത്തിന്‍റെ ആഖ്യാന ശൈലിയോടൊപ്പം നര്‍മ്മം കലര്‍ത്തിയ രീതിയിലാണ് അധികാരത്തിന്‍റെ അസന്തുലിതമായ അവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് ഇരുപത്തിയൊന്‍പതുകാരിയായ തബീതയുടെ അവതരണം.
ആഫ്രിക്കയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും വസ്തുക്കളും അറിവുകളും ചൂഷണം ചെയ്യുന്നതു മുതല്‍ അടിമത്തത്തിന്‍റേയും കോളനിവല്‍ക്കരണത്തിന്‍റേയും അക്രമാസക്തമായ ചരിത്രത്തെ കലാസൃഷ്ടിയിലൂടെ അനാവരണം ചെയ്യുകയാണ് ഫ്രഞ്ച് ഗയാന കലാകാരിയുടെ ‘സോറോ ഫോര്‍ ദ റിയല്‍ സോറോ’. മാര്‍ച്ച് 29 വരെ നീളുന്ന ബിനാലെയുടെ മുഖ്യ വേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അധികാരബന്ധത്തിന്‍റെ പ്രകൃതത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് തബീത ആസ്വാദകരെ പ്രേരിപ്പിക്കുന്നത്.
പഴയ രീതികളെ മാറ്റിക്കൊണ്ട് പുത്തന്‍ രീതിയായ ഇന്‍റര്‍നെറ്റിന്‍റെ കോളനിവല്‍ക്കരണത്തിലേക്കാണ് നാം കടന്നുപോകുന്നതെന്ന് അവര്‍ പറഞ്ഞു. പാശ്ചാത്യലോകത്തിനുവേണ്ടിയുള്ള ക്ഷമാപണത്തിന്‍റെ ഭാഗമായി അഞ്ച് ലൈറ്റ് ബോക്സുകളുടെ ശ്രേണിയെയാണ് ‘സോറി ഫോര്‍ റിയല്‍ സോറോ’യില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. പാശ്ചാത്യരുടെ സാമ്രാജ്യഭരണത്തിന്‍റെ ചരിത്രം അഭിസംബോധന ചെയ്യുന്ന സൈബര്‍ കൈമാറ്റവും നിലവിലെ സാങ്കേതികവിദ്യകളില്‍ നിന്നും അനുരഞ്ജന തന്ത്രങ്ങളില്‍നിന്നും സ്വതന്ത്രമാകേണ്ട അനിവാര്യതയേയുമാണ് പാരീസില്‍ വളര്‍ന്ന തബീത ചൂണ്ടിക്കാട്ടുന്നത്.
സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സാധ്യതകള്‍ മനസ്സിലാക്കിയതില്‍ നിന്നുള്ള രോഷത്തില്‍ നിന്നാണ് തബീത കലാസൃഷ്ടിക്ക് തുടക്കമിട്ടത്. അധിനിവേശത്തിന് സമാനമായാണ് സാങ്കേതികവിദ്യ കടന്നുകയറ്റം നടത്തുന്നത്. മാനവരാശിയുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഭൂരിഭാഗം പങ്ക് വഹിക്കുന്നത് പാശ്ചാത്യ ലോകത്തിലെ സാങ്കേതിക ഭീമന്‍മാരാണ്. ഫെയ്സ് ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയില്‍ നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉണ്ട്. നിരീക്ഷണ ഉപാധിയായാണ് ഇന്‍റര്‍നെറ്റ് യഥാര്‍ത്ഥമായി നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് നാം നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള യുദ്ധത്തിലാണ്. ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് പരസ്പരം ബന്ധിപ്പിക്കുന്നതില്‍ നിരാശപ്പെടുത്തുന്നതായും അവര്‍ വ്യക്തമാക്കി.
പുരാതന കോളനിവല്‍ക്കരണകാലത്തെ കപ്പല്‍പാതകളിലാണ് ഇന്നത്തെ കാലത്ത് മാനവരാശിയെ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കാനായി ഒപ്റ്റിക്കല്‍ ഫൈബറുകള്‍ വിന്യസിച്ചിട്ടുള്ളത്. കോളനിവല്‍ക്കരണം ആരംഭിച്ചപ്പോള്‍ പുത്തന്‍ ലോകവുമായി ബന്ധിപ്പിക്കുകയായിരുന്നു എന്നതായിരുന്നു വാദം. വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനും മറ്റു രാജ്യങ്ങളെ കൊള്ളയടിച്ച് സമ്പത്ത് വര്‍ദ്ധിപ്പിക്കുകയുയായിരുന്നു ഫലത്തില്‍. ഇത് ഇപ്പോഴും സമാനമാണ്. തങ്ങളുടെ സാമ്രാജ്യത്തിന്‍റെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനാണ് പാശ്ചാത്യലോകത്തിലെ വന്‍ കോര്‍പ്പറേറ്റുകള്‍ നമ്മുടെ വിവരങ്ങളെ കൊള്ളയടിക്കുന്നതെന്നും തബീത വ്യക്തമാക്കി.
ഹെല്‍ത്ത് ടെക് പൊളിറ്റിക്സ് പ്രോക്ടീഷണറും കീമെറ്റിക്/ കുണ്ഡലിനി യോഗ ടീച്ചറുമായ തബീത ശ്രേഷ്ടമായ ആഖ്യാനം പ്രദാനം ചെയ്യുന്ന വിവിധ തലങ്ങളെയാണ് സാങ്കേതിക സമാഗമത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. ശ്രദ്ധിക്കുന്നതിനും വീക്ഷിക്കുന്നതിനും സാക്ഷിയാകുന്നതിനുമുള്ള പ്രക്രീയകള്‍ക്ക് പരിവര്‍ത്തനത്തിനുളള സാധ്യതകള്‍ ഉണ്ട്. ലോകത്തിന്‍റെ അന്‍പതുശതമാനമേ ഇന്‍റര്‍നെറ്റ് ബന്ധമുള്ളൂ. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതിന്‍റെ വ്യാപനം 31 ശതമാനമാണ്. എല്ലാ രാജ്യത്തിലും ഇന്‍റര്‍നെറ്റിന്‍റെ ലഭ്യതയും വിവരങ്ങളുടെ ലഭ്യതയും വ്യത്യസ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.സാങ്കേതികവിദ്യയുടെ രാഷ്ട്രിയത്തില്‍ നിന്നും അധിനിവേശേതര സൗഖ്യമാണ് ബിനാലെയിലെ കലാസൃഷ്ടിയിലൂടെ തബീത തേടുന്നത്.