തിരുവനന്തപുരം : ഒറ്റൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതികളുടെ ഉദ്ഘാടനം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് നിര്‍വഹിച്ചു. ഒറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഹ്ന നസീര്‍ അദ്ധ്യക്ഷയായി.
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ’ ഉദ്ഘാടനം ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഭാഷും, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം വര്‍ക്കല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജീവും നിര്‍വഹിച്ചു. കൂടാതെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള തരിശുനിലത്തില്‍ പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് നിര്‍വഹിച്ചു.
പരിപാടിയില്‍ ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രതീഷ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ചന്ദ്രന്‍, പഞ്ചായത്തഗംങ്ങളായ സന്തോഷ്, ശ്രീകുമാര്‍, ഡെയ്‌സി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതോടൊപ്പം ചാത്തന്നൂര്‍ കൃഷി ഓഫീസര്‍ പ്രമോദ് നയിച്ച പച്ചക്കറി കൃഷി പരിശീലന പരിപാടിയും നടന്നു.