ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കാനുള്ള സർക്കാർ പദ്ധതി ‘മനസ്സോടിത്തിരി മണ്ണ്’ ഡിസംബർ 30 ന് വൈകിട്ട് അഞ്ച് മണിക്ക് എറണാകുളം ടൗൺഹാളിൽ തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ലൈഫ്മിഷൻ മൂന്നാം ഘട്ടത്തിൽ വീടില്ലാത്തവർക്കായി 39 ഭവന സമുച്ചയങ്ങൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2022 മാർച്ച് 22ന് മുമ്പ് നാല് ഭവന സമുച്ചയങ്ങൾ പൂർത്തീകരിക്കും. 2022 മെയ് 31ന് മുമ്പായി ആറ് ഭവന സമുച്ചയങ്ങളും 2022 ആഗസ്ത് 22ന് മുമ്പായി 13 ഭവന സമുച്ചയങ്ങളും ഒക്ടോബർ 22ന് മുമ്പ് അഞ്ച് ഭവന സമുച്ചയങ്ങളും പാർട്ണർഷിപ്പ് പ്രോജക്ടായി മൂന്ന് ഭവന സമുച്ചയങ്ങളും ഭവന രഹിതർക്ക് കൈമാറും. നിർമ്മാണം ആരംഭിക്കാൻ തടസ്സങ്ങളുള്ള ഏട്ട് ഭവനസമുച്ചയം യാഥാർത്ഥ്യമാക്കാൻ സർക്കാർ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
2021 മാർച്ച് വരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതമുൾപ്പെടെ ഭവന നിർമ്മാണത്തിനായി ചിലവഴിച്ചത് 8993.20 കോടി രൂപയാണ്. 2021-22 വർഷത്തിൽ സർക്കാർ ലക്ഷ്യമിടുന്നത് ഒരുലക്ഷം വീടുകൾ നിർമിക്കാനാണ്. 2021 ഏപ്രിൽ മുതൽ 14,914 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള 85,086 വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും.
ലൈഫ് മൂന്നാംഘട്ടത്തിൽ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിൻ ആരംഭിക്കുമ്പോൾ 1000 ഭൂരഹിതർക്ക് ഭൂമി വാങ്ങാനായി ഒരു ഗുണഭോക്താവിന് 2.5 ലക്ഷം രൂപ നിരക്കിൽ 25 കോടി രൂപ നൽകുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ധാരണാപത്രം കൈമാറും. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതർക്ക് 50 സെന്റ് ഭൂമി സംഭാവന നൽകുന്ന സമീർ പി ബിയുടെ ഭൂമിയുടെ ആധാരവും മനസ്സോടിത്തിരി മണ്ണിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് കൈമാറും.