കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നവീകരിച്ച വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. (https://www.kscstee.kerala.gov.in) ചടങ്ങിൽ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എം.സി.ദത്തൻ സന്നിഹിതനായിരുന്നു. വേഡ് പ്രസ്സിന്റെ ആധുനിക ഓപ്പൺ സോഴ്‌സ് കണ്ടന്റ് മാനേജ്‌മെന്റ് ഫ്രയിംവർക്കിലാണ് പുതിയ വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
വെബ്‌സൈറ്റിലെ വിവരങ്ങൾ വേഗത്തിലും അനായാസമായും കൈകാര്യം ചെയ്യാനാകും എന്നതാണ് പ്രത്യേകത. കൂടാതെ കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റ് മാർഗനിർദേശരേഖകൾക്കനുസൃതമായാണ് രൂപകൽപന. സിഡിറ്റ് രൂപകല്പന ചെയ്ത നവീകരിച്ച വെബ്‌സൈറ്റ് കൂടുതൽ സുരക്ഷിതവും സുഗമവും കാര്യക്ഷമവുമാണ്. കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികസനത്തിനും പ്രോത്സാഹനത്തിനുമായി നാല്പതോളം പദ്ധതികൾ നിലവിലുണ്ട്.
സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ ഡോക്ടറൽ-പോസ്റ്റ് ഡോക്ടറൽ ഫെല്ലോകൾ, ശാസ്ത്രജഞർ, അദ്ധ്യാപകർ, ഗ്രാമീണ ഗവേഷകർ തുടങ്ങി വിവിധ തുറയിലുളള വ്യക്തികൾക്ക് പ്രയോജനപ്പെടുത്താവുന്ന വിവിധയിനം പദ്ധതികളെപ്പറ്റി അനായാസം മനസിലാക്കാനും വിശദാംശങ്ങൾ അറിയാനും വെബ്‌സൈറ്റ് വഴി സാധിക്കും.
മറ്റു ഗവേഷണ സ്ഥാപനങ്ങൾ, കേരളാ സർക്കാരിന്റെ മറ്റു പ്രധാനപ്പെട്ട സ്ഥാപനങ്ങൾ എന്നിവയുടെ വെബ്‌സൈറ്റിലേക്ക് ഇതിൽ നിന്നും ലിങ്കുകൾ നൽകിയിട്ടുണ്ട്. കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റ് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് പ്രൊഫ. കെ.പി.സുധീർ, മെമ്പർ സെക്രട്ടറി ഡോ.എസ്.പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.