പാലക്കാട് : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന മുച്ചക്രവാഹനത്തിന്റെ രണ്ടാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി നിര്‍വഹിച്ചു. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്വന്തമായി തൊഴില്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 22 ഗുണഭോക്താകള്‍ക്കാണ് വാഹനം വിതരണം ചെയ്തത്. ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ഗുണഭോക്താക്കള്‍ക്ക് വാഹനം കൈമാറുന്നതിന് മുമ്പ് ലേണേഴ്‌സ് ലൈസന്‍സ് ഉറപ്പാക്കേണ്ടതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ അദാലത്ത് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് മുഖ്യാതിഥിയായി.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ടീച്ചര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ബിനുമോള്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ സി.അച്ചുതന്‍, വി. മുരുകദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി. സുബ്രഹ്മണ്യന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു.