ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് അസാധുവാക്കലിന് മുന്‍പുള്ള പണമിടപാടുകളും പരിശോധിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് 1000-500 നോട്ടുകള്‍ അസാധുവാക്കപ്പെട്ട നവംബര്‍ എട്ടു വരെയുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ഈ കാലയളവില്‍ നടന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ശനിയാഴ്ച ധനമന്ത്രാലയം നിര്‍ദേശം പുറത്തിറക്കി. രണ്ടരലക്ഷത്തിനോ അതിന് മുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്. കറന്‍റ് അക്കൗണ്ടുകളിലൂടെ നടന്ന 12.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുടെ രേഖകളും പരിശോധിക്കും. ഈ മാസം 15 ന് മുന്‍പ് രേഖകള്‍ സമര്‍പ്പിക്കാനാണ് ബാങ്കുകളോടും പോസ്റ്റോഫീസുകളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ പാന്‍ കാര്‍ഡ് രേഖകളോ ഫോം 60 തോ സമര്‍പ്പിക്കാത്ത അക്കൗണ്ട് ഉടമകളോട് ഫെബ്രുവരി 28 ന് മുന്‍പ് ഇത് സമര്‍പ്പിക്കാനും ധനമന്ത്രാലയത്തിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു. ആദായനികുതി നിയമത്തിന്‍റെ 114 ഇ റൂളില്‍ മാറ്റം വരുത്തിയാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം.