ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധനയ്ക്ക് എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് പ്രതിനിധികള്‍ തടഞ്ഞു

633

എറണാകുളം: ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധനയ്ക്ക് എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് പ്രതിനിധികള്‍ തടഞ്ഞു. ബാങ്ക് ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. എന്നാല്‍ പരിശോധന നിയമവിരുദ്ധമാണെന്ന് ബാങ്ക് ജീവനക്കാര്‍ ആരോപിച്ചു.
കള്ളപ്പണക്കേസില്‍ കുടുങ്ങിയ അഡ്വ. വിനോദ് കുട്ടപ്പന് ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 20 കോടിയുടെ നിക്ഷേപമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയക്ക് എത്തിയത്. ബാങ്കില്‍ 25 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം ആര്‍ക്കുമില്ലെന്നാണ് സഹകരണ ബാങ്ക് അധികൃതര്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നത്. രാവിലെ പതിനൊന്ന് മണിയോടെ പരിശോധനയ്ക്ക് എത്തിയ സംഘത്തെ ബാങ്ക് അധികൃതരും ചുമട്ട് തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. സഹകരണ ബാങ്ക് ചട്ടം അനുസരിച്ച് ആദായനികുതി വകുപ്പിന്റെ പരിശോധന നിയമവിരുദ്ധമാണ് എന്നായിരുന്നു ബാങ്ക് അധികൃതരുടെ നിലപാട്.
നേരിയ സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി ബാങ്ക് അധികൃതരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആദായ നികുതി വകുപ്പിലെ ഉന്നതരുമായി ആശയവിനിമയം നടത്തിയ ഉദ്യോഗസ്ഥര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിശോധന നടത്താതെ മടങ്ങി. രേഖകളുമായി ഓഫീസിലെത്താന്‍ ആദായനികുതി വകുപ്പ് ഡയറക്ടര്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY