കേരളത്തിലെ കോവിഡ് പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കും: മുഖ്യമന്ത്രി

95

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് 19 പരിശോധന സംവിധാനങ്ങൾ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു ദിവസത്തിനുള്ളിൽ പുതിയ നാലു ലാബുകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും ഓരോ ലാബുകൾ ഇത്തരത്തിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ പരിശോധന നടത്തുന്നതിന് അനുമതി നൽകി ഉത്തരവായിട്ടുണ്ട്.

കർണാടക അതിർത്തിയിലെ പ്രശ്‌നം കാരണം ചികിത്‌സ കിട്ടാതെ ഒരാൾ കൂടി മരണമടഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ അടിയന്തരചികിത്‌സ ആവശ്യമുള്ളവരെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ എത്തിക്കാൻ ശ്രമിക്കും. കാസർകോട് നിന്ന് രോഗികളെ കേരളത്തിലെ മറ്റ് ആശുപത്രികളിലേക്ക് ആകാശമാർഗം എത്തിക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ വ്യാഴാഴ്ച 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാലു പേർ വീതം കണ്ണൂർ, കാസർകോട് ജില്ലകളിലും രണ്ടു പേർ മലപ്പുറത്തും ഓരോരുത്തർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമുള്ളവരാണ്. 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതിൽ ആറു പേർ എറണാകുളത്തും മൂന്നു പേർ കണ്ണൂരും രണ്ടു പേർ വീതം ഇടുക്കി, മലപ്പുറം ജില്ലകളിലുമുള്ളവരാണ്. നിലവിൽ 258 പേരാണ് ആശുപത്രികളിൽ ചികിത്‌സയിലുള്ളത്.
സംസ്ഥാനത്ത് 60 വയസിന് മുകളിലുള്ള 7.5 ശതമാനം പേരും 20 വയസിൽ താഴെയുള്ള 6.9 ശതമാനം പേരുമാണ് ചികിത്‌സയിലുള്ളത്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

യു. എ. ഇയിൽ ഒരു ദശലക്ഷത്തിലധികം മലയാളി പ്രവാസികളുണ്ട്. ഇവിടത്തെ ഗുരുതരമായ സ്ഥിതി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇവരുടെ പ്രശ്‌നം സംബന്ധിച്ച് നോർക്ക എംബസിക്ക് കത്തയച്ചിരുന്നു. യു. എ. ഇയിലെ സ്‌കൂൾ ഫീസ് താത്ക്കാലികമായി ഒഴിവാക്കുമെന്നും പാസ്‌പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് കുവൈറ്റ് അംബാസഡർ ജീവസാഗറും അറിയിച്ചു.

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ആരോഗ്യ പരിപാലന ചെലവ് വർധിച്ച സാഹചര്യത്തിൽ പൊതുവിപണിയിൽ നിന്ന് വായ്പയെടുത്ത് മാത്രം മുന്നോട്ടു പോകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ടിനായി അനുവാദം നൽകണമെന്നും സംസ്ഥാനത്തിന്റെ വായ്പാപരിധി അഞ്ച് ശതമാനമായി ഉയർത്തണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പകർച്ചവ്യാധി പ്രതിരോധത്തിനും പുനർനിർമാണത്തിനുമായി പുറത്തെ ഏജൻസികളിൽ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാന വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് ആർ. സി. സിയിൽ ചികിത്‌സ മുടങ്ങിയവർക്ക് ആരോഗ്യവകുപ്പും ആർ. സി. സിയും സംയുക്തമായി പ്രാദേശിക തലത്തിൽ ചികിത്‌സ സംവിധാനം ഒരുക്കും. തുടർപരിശോധന, മരുന്ന്, സാന്ത്വന ചികിത്‌സ എന്നിവയ്ക്ക് പ്രാദേശിക ആശുപത്രികളിലാവും സൗകര്യമൊരുക്കുക. ഈ ആശുപത്രികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. ലോക്ക്ഡൗൺ കാലത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. ആദ്യദിനം എ. എ. വൈ, ആദിവാസി മേഖലകളിലുള്ളവർക്കാണ് വിതരണം ചെയ്തത്. 47,000 കിറ്റുകൾ വിതരണം ചെയ്തു.

രോഗവ്യാപനം വർധിക്കുന്നില്ലെന്നതിനാൽ സുരക്ഷിതരായെന്ന തോന്നൽ ചിലർക്കുണ്ട്. ഇൗ ചിന്ത ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിക്കുന്നതിന് ഇടവരുത്തരുത്. അശ്രദ്ധകാട്ടിയാൽ എന്തും സംഭവിക്കാവുന്ന സ്ഥിതി നിലനിൽക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ചില ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത് ദൗർഭാഗ്യകരമാണ്. ഈ വിഷയം എസ്. എൽ. ബി. സിയുമായി ചർച്ച ചെയ്യും. തിരുവനന്തപുരം ശ്രീചിത്ര, മെഡിക്കൽ കോളേജ്, ആർ. സി.സി എന്നിവിടങ്ങളിൽ ചികിത്‌സയ്‌ക്കെത്തുന്ന തമിഴ്‌നാട്ടിൽ നിന്നുള്ളവർക്ക് സൗകര്യങ്ങളൊരുക്കും. ആർക്കും ചികിത്‌സ നിഷേധിക്കുന്ന സമീപനം കേരളത്തിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്തദാനത്തിനുള്ള അഭ്യർത്ഥന നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. 1023 പേർ വ്യാഴാഴ്ച രക്തദാനം നടത്തി.

സംസ്ഥാനത്തെ വളം, കീടനാശിനി, വിത്ത് എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ 11 വരെ തുറക്കാൻ അനുമതി നൽകും. സ്വകാര്യ ആശുപത്രികളുടെ വൈദ്യുതി, വെള്ളക്കരം അടയ്ക്കുന്നതിനുള്ള തീയതി നീട്ടിനൽകും. വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പുസ്തകം ലഭ്യമാക്കുന്നതിന് ബുക്ക്‌ഷോപ്പുകൾ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കും. ഒരാഴ്ചയ്ക്കിടെ ഒന്നരലക്ഷം കിലോ പഴകിയ മത്‌സ്യമാണ് പിടികൂടിയത്. കടൽ മാർഗം കേരളത്തിലേക്ക് പഴകിയ മത്‌സ്യം കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നതായി കണ്ടിട്ടുണ്ട്. അതും തടയുന്നതിനുള്ള നടപടി ശക്തിപ്പെടുത്തും.

വീടുകളിൽ മീൻ കൊണ്ടുവന്ന് വിൽക്കുന്ന സ്ത്രീകൾക്ക് പാസ് നൽകാത്ത പ്രശ്‌നം ശ്രദ്ധയിൽപെട്ടു. ഇവർക്ക് തടസമുണ്ടാകാതിരിക്കാൻ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ആറളം ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള നാനൂറോളം തൊഴിലാളികളുടെ ശമ്പള കുടിശിക സംബന്ധിച്ച പരാതി പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കും.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിലെ വ്യവസായ പ്രമുഖരുമായി വീഡിയോ കോൺഫറൻസ് നടത്തി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം ഉണ്ടാക്കാത്ത ബിസിനസുകൾക്ക് 14 ദിവസത്തിനകം അനുമതി നൽകും.

സി. ഐ. ഐ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേരളത്തിലെ ഒന്നരലക്ഷം മത്‌സ്യത്തൊഴിലാളികൾക്ക് രണ്ടായിരം രൂപ വീതം നൽകും. മറ്റു ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ആയിരം രൂപ വീതം നൽകും. മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ. എം. മാണിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അഞ്ഞൂറിലധികം കമ്മ്യൂണിറ്റി കിച്ചനുകൾക്ക് സഹായം നൽകിയതായി ജോസ് കെ. മാണി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊല്ലം കെ. എം. എം. സി രണ്ടു കോടി രൂപയും ബെഫി സംസ്ഥാന കമ്മിറ്റി ഒരു കോടി അഞ്ച് ലക്ഷവും പെരിന്തൽമണ്ണ ഇ. എം. എസ് സഹകരണ ആശുപത്രി ഒരു കോടിയും നടയ്ക്കൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷവും ചിതറ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് 53 ലക്ഷവും കോഴിക്കോട് മേമുണ്ട ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരും ജീവനക്കാരും മാനേജ്‌മെന്റും 51 ലക്ഷവും ഔഷധി 50 ലക്ഷവും കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് 50 ലക്ഷവും നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS