തിരുവനന്തപുരം : ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ആഗസ്റ്റ് 15 ന് രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ തുടക്കമാവുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും.
പ്രശസ്തസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ, ജീവൻരക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്യും. ഭാരതീയവായുസേന ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിക്കും. എല്ലാവരും സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യർഥിച്ചു.