ന്യൂഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെയ്ക്കുനേരെ പാക് അധികൃതരുടെ മോശമായ പെരുമാറ്റം. സംഭവത്തില്‍ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്തിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാക് സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.കറാച്ചിയില്‍ ഇന്ത്യന്‍ സ്ഥാപനപതി പങ്കെടുക്കാനിരുന്ന ചടങ്ങ് അവസാനിനിമിഷം റദ്ദാക്കിയതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.ചടങ്ങ് റദ്ദാക്കിയതിന്റെ കാരണം പാക് അധികൃതര്‍ അറിയിച്ചതുമില്ല. കശ്മീരില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെ പാകിസ്താനെതിരെ കടുത്ത പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബംബാവാലെ പങ്കെടുക്കാനിരുന്ന ചടങ്ങ് റദ്ദാക്കിയത്.