ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്താനെതിരെ നിലപാട് കുടുപ്പിക്കാന്‍ ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. നിയന്ത്രണം നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കും തിരിച്ചും നേരിട്ടുള്ള വ്യോമബന്ധം പൂര്‍ണമായും നിലയ്ക്കും.ഇതിന്റെ ഭാഗമായി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും പ്രധാനമന്ത്രിയുടെ ഓഫീസ് സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്.ഉറി ഭീകരാക്രമണത്തിനു ശേഷം തുടരുന്ന പാകിസ്താനെതിരായ നയതന്ത്രതലത്തിലുള്ള നടപടികളുടെ ഭാഗമായാണിത്.നേരത്തെ പാകിസ്താന് നല്‍കി വന്ന പ്രത്യേക പരിഗണനയുള്ള രാജ്യമെന്ന പദവി (എം.എഫ്.എന്‍-1996) ഇന്ത്യ എടുത്തു കളഞ്ഞിരുന്നു. സിന്ധു നദീജല കരാര്‍ പുന: പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.നിലവില്‍ ഇന്ത്യന്‍ കമ്ബനികള്‍ പാകിസ്താനിലേക്ക് വിമാന സര്‍വീസ് നടത്തുന്നില്ല. ഓരോ ആഴ്ചയും പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഒരെണ്ണം ഡല്‍ഹിയില്‍ നിന്ന് കറാച്ചിയിലേക്കും രണ്ടെണ്ണം ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്കും മറ്റൊന്ന് മുംബൈയില്‍ നിന്ന് കറാച്ചിയിലേക്കുമാണ്.
ഇതിനു പുറമെ ബംഗ്ലാദേശ് അടക്കമുള്ള മറ്റിടങ്ങളിലേക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പാകിസ്താന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. പാക് വ്യോമാതിര്‍ത്തി വഴി സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങളുടെതടക്കമുള്ള കണക്കുകളും പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിച്ചു വരുന്നുണ്ട്. നിയന്ത്രണമേര്‍പ്പെടുത്തുന്നതോടെ ഇന്ത്യയുടെ പാക് വ്യോമാതിര്‍ത്തിയിലൂടെയുള്ള സര്‍വീസുകളും നിര്‍ത്തിവെക്കേണ്ടിവരും.