വിശാഖപട്ടണം • നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന്റെ വെല്ലുവിളി അതിജീവിച്ച ഇന്ത്യയ്ക്ക് വിജയവും പരമ്പരയും. 190 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡിന് 23.1 ഓവറില്‍ 79 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചു മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ 3-2 ന് സ്വന്തമാക്കി.
സ്കോര്‍: ഇന്ത്യ – നിശ്ചിത 50 ഓവറില്‍ ആറിന് 269. ന്യൂസീലന്‍ഡ് – 23.1 ഓവറില്‍ 79 റണ്‍സിന് പുറത്ത്.
അമിത് മിശ്രയുടെ മികച്ച ബോളിങ് ആണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. മിശ്ര അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ആറു ഓവറുകള്‍ എറിഞ്ഞ മിശ്ര 18 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്.
ന്യൂസീലന്‍ഡിന് തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഉമേഷ് യാദവ് ആദ്യ ഓവറില്‍തന്നെ ന്യൂസീലന്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ റണ്‍സൊന്നും നേടാതെ മടങ്ങി. ടോം ലാതം 19 റണ്‍സെടുത്തും റോസ് ടെയ്‍ലര്‍ 19 റണ്‍സെടുത്തും മടങ്ങി. വില്യംസണാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറര്‍ (27 റണ്‍സ്). 16 റണ്‍സിനിടെയാണ് ന്യൂസീലന്‍ഡിന്റെ ഏഴു വിക്കറ്റുകള്‍ വീണത്. ഇന്ത്യയ്ക്കായി ബുംറ, ജയന്ത് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ (65 പന്തില്‍ 70), ഉപനായകന്‍ വിരാട് കോഹ്‍ലി (76 പന്തില്‍ 65) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. രണ്ടാം വിക്കറ്റില്‍ കോഹ്ലി-രോഹിത് ശര്‍മ സഖ്യവും (79), മൂന്നാം വിക്കറ്റില്‍ കോഹ്‍ലി-ധോണി സഖ്യവും (71) അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ന്യൂസീലന്‍ഡിനായി ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്കായി ജയന്ത് യാദവ് ഈ മല്‍സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് യാദവ് ടീമിലെത്തിയത്.