മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. ഈ ജയത്തോടെ നാല് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നലായി 137 റണ്‍സിനാണ് കോഹ്ലിയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കങ്കാരുപ്പടയെ 261റണ്‍സിലൊതുക്കിയാണ് ടീം ഇന്ത്യ ബോക്സിംഗ്ഡേയിലെ കന്നിവിജയം കൈപ്പിടിയിലൊതുക്കിയത്.
സിഡ്നിയിലാണ് പരമ്ബരയിലെ അവസാന മത്സരം നടക്കുക.
മത്സരത്തിന്റെ അഞ്ചാം ദിനം ആരംഭിക്കുമ്ബോള്‍ വിജയത്തിലേക്ക് ഓസീസിനു മൂന്നില്‍ 141 റണ്‍സിന്റെയും ഇന്ത്യയ്ക്ക് മുന്നില്‍ രണ്ടേ രണ്ട് വിക്കറ്റുകളുടെയും ദൂരമായിരുന്നു ഉണ്ടായിരുന്നത്. ബുംറയും, ഷാമിയും, ഇഷാന്തും അടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിലെ “ആധൂനിക ബോളിംഗ് ത്രയം’ പൂവിറുക്കുന്ന ലാഘവത്തോടെ ആദ്യ ഓവറുകളില്‍ തന്നെ ചടങ്ങ് തീര്‍ക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍, അഞ്ചാം ദിനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ കളം നിറഞ്ഞ് കളിച്ചത് മഴയായിരുന്നു. വേഗത്തില്‍ ചടങ്ങ് തീര്‍ക്കാമെന്ന കോഹ്ലിയുടെ കണക്കുകൂട്ടലിന് മുന്നില്‍ ആവേശം തണുപ്പിച്ച് രസംകൊല്ലിയായെത്തിയ മഴ ആദ്യ സെഷന് കവര്‍ന്നെടുത്തു.
ലഞ്ചിന് പിന്നാലെ കളിയാരംഭിച്ച ശേഷമുള്ള നാലാം ഓവറിലെ രണ്ടാം പന്തില്‍ കമ്മിന്‍സിനെ പുറത്താക്കി ബുംറ ഇന്ത്യയെ വിജയത്തിന്റെ വക്കെത്തേക്ക് അടുപ്പിച്ചു. ബോളിംഗ് ത്രയം തന്നെ വിജയ വിക്കറ്റ് കൊയ്യുമെന്ന പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കി തൊട്ടടുത്ത ഓവറില്‍ ഇഷാന്ത് ശര്‍മ ചടങ്ങ് അവസാനിപ്പിച്ചു. ലിയോണിനെ പന്തിന്റെ കൈകളിലെത്തിച്ചാണ് ഇഷാന്ത് ഇന്ത്യയ്ക്ക് രണ്ടാം വിജയം സമ്മാനിച്ചത്.