ലങ്കയെ തകര്‍ത്തെറിഞ്ഞ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം.

158

ഇന്‍ഡോര്‍: 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയതീരത്തെത്തി.ഇന്‍ഡോറില്‍ ലങ്കയെ തകര്‍ത്തെറിഞ്ഞ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം. ഇതോടെ മൂന്നു ട്വന്റി-20 മത്സര ങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 71 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

രാഹുല്‍ 32 പന്തില്‍ ആറു ഫോറിന്റെ സഹായത്തോടെ 45 റണ്‍സ് അടിച്ചപ്പോള്‍ 29 പന്തില്‍ 32 റണ്‍സായിരുന്നു ധവാന്റെ സമ്ബാദ്യം. പിന്നീട് ശ്രേയസ് അയ്യരും വിരാട് കോലിയും ഇന്നിങ്‌സ് നയിച്ചു. 26 പന്തില്‍ 34 റണ്‍സെടുത്ത ശ്രേയസിനെ കലാഹിരു കുമാര പുറത്താക്കി.പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തിന് ഒരു പന്ത് നേരിടേണ്ടിയേ വന്നുള്ളു. അപ്പോഴേക്കും 18-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് അടിച്ച്‌ കോലി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. ഋഷഭിനൊപ്പം 17 പന്തില്‍ 30 റണ്‍സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത ഓവറില്‍ നേടിയത് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രം. രണ്ട് റണ്‍സിനിടയിലാണ് ലങ്കയ്ക്ക് അവസാന മൂന്നു വിക്കറ്റ് നഷ്ടമായത്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. ശര്‍ദ്ദുല്‍ ഠാക്കൂറായിരുന്നു കൂടുതല്‍ അപടകാരി. ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സയ്നിയും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. വാഷ്ങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

34 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അതിനുശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. അവസാന ഓവറുകളിലെത്തിയപ്പോഴേക്കും ലങ്കയുടെ ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി ക്രീസ് വിട്ടു. നാല് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണര്‍മാരായ ഗുണതിലകെ 20ഉം അവിഷ്‌ക ഫെര്‍ണാണ്ടൊ 22ഉം റണ്‍സ് നേടി.ഗുവാഹത്തി യില്‍ നടന്ന ആദ്യ ട്വന്റി-20 മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം ട്വന്റി-20 വെള്ളിയാഴ്ച്ച മഹാരാഷ്ട്രയില്‍ നടക്കും.

NO COMMENTS