സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി.

194

സിഡ്‌നി: സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. നാല് വിക്കറ്റുമായി റിച്ചാര്‍ഡ്‌സനാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു.110 പന്തില്‍ നിന്നാണ് രോഹിത് തന്റെ 22ാം ഏകദിന സെഞ്ചുറി നേടിയത്. നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മയും എം.എസ് ധോനിയും ചേര്‍ന്ന 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ബെഹ്‌റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. 96 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം ധോനി 51 റണ്‍സെടുത്തു.ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോലി, അമ്ബാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമാണ് സമ്മാനിച്ചത്.ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്‌റന്‍ഡോഫ് ശിഖര്‍ ധവാനെ കുടുക്കി. പിന്നാലെ മൂന്നു റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെ റിച്ചാഡ്‌സണും തിരിച്ചയച്ചു.നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു. ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്ബ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുകളും പറത്തിയ ഹാന്‍ഡ്‌സ്‌കോമ്ബാണ് സ്‌കോറിങ് വേഗത്തിലാക്കിയത്. ഇന്നിങ്‌സിന്റെ അവസാനത്തില്‍ തകര്‍ത്തടിച്ച സ്റ്റോയിന്‍സ് സ്‌കോര്‍ 288ല്‍ എത്തിച്ചു.ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 41 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഓസീസിനെ അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷുമാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഖ്വാജമാര്‍ഷ് സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്ബിനൊപ്പം മാര്‍ഷ് 53 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്ബ് സ്റ്റോയ്ന്‍സ് സഖ്യം 68 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.
അലക്‌സ് കാരി (24), ആരോണ്‍ ഫിഞ്ച് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഗ്ലെന്‍മാക്‌സ് വെല്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. 65 പന്തില്‍ നാലു ബൗണ്ടറിയോടെയാണ് മാര്‍ഷ് കരിയറിലെ 13ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 70 പന്തില്‍ നാലു ബൗണ്ടറി സഹിതം 54 റണ്‍സെടുത്ത മാര്‍ഷിനെ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു.ഒരു വര്‍ഷത്തിനു ശേഷം ടീമില്‍ തിരിച്ചെത്തിയ ഖ്വാജ അര്‍ധ സെഞ്ചുറിയോടെയാണ് വരവറിയിച്ചത്. ഖ്വാജയുടെ അഞ്ചാം അര്‍ധ സെഞ്ചുറിയാണിത്. 81 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറിയോടെ 59 റണ്‍സെടുത്ത താരത്തെ ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

NO COMMENTS