അബുദാബി: ഇരുപകുതികളുടെ അവസാന നിമിഷങ്ങളില്‍ ലഭിച്ച രണ്ട് അപ്രതീക്ഷിത അടികളില്‍ ഇന്ത്യ അടിതെറ്റി വീണു. എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോ ളില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ തോല്‍വി. ആതിഥേയരും റാങ്കിംഗില്‍ മുന്നിലുള്ള ടീമുമായ യുഎഇയോട് ഇന്ത്യ പൊരുതിത്തോറ്റു. കളിയുടെ 41 ാം മിനിറ്റില്‍ ഖല്ഫാന് മുബൈറക്കും 81 ാം മിനിറ്റില്‍ അലി മബ്ഹൂതും നേടിയ ഗോളിനായിരുന്നു ആതിഥേയരുടെ വിജയം.
റാങ്കിംഗില്‍ 18 സ്ഥാനം മുന്നിലുള്ള എതിരാളികളെ വിറപ്പിക്കാനായെങ്കിലും തായ്ലന്‍ഡിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യക്ക് ഇന്ന് നഷ്ടമായി. ഫുട്ബോള്‍ ഈശ്വരന്മാര് നീലപ്പടയെ കൈവിടുക കൂടി ചെയ്തതോടെ ദുരന്തം പൂര്‍ണമായി. ഉറപ്പായ നാല് ഗോള്‍ അവസരങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത്. അതില്‍ രണ്ടെണ്ണം ക്രോസ് ബാറില്‍ തട്ടി അവിശ്വസനീയമായ രീതിയില്‍ പുറത്തേക്കുപോയി.
കളിയുടെ തുടക്കത്തില്‍ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ ഇന്ത്യ പലവട്ടം ഗോളിനടുത്തെത്തി. ആഷിഖ് കുരുണിയന്റെ ഉള്‍പ്പെടെ മൂന്നു ഷോട്ടുകള്‍ യുഎഇ ഗോളി ഖാലിദ് ഇസ കുത്തിപ്പുറത്തേക്കു കളഞ്ഞു.42 ാം മിനിറ്റില്‍ മലയാളി താരം അനസ് എടത്തൊടികയുടെ പിഴവില്‍നിന്നായിരുന്നു ആദ്യഗോള്‍ പിറന്നത്. ഇന്ത്യന്‍ ബോക്സ് ലക്ഷ്യമാക്കിയെത്തിയ ലോംഗ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ അനസ് തെല്ലിട അമാന്തിച്ചു. ഈ അവസരം മുതലാക്കിയ യുഎഇ സ്ട്രൈക്കര്‍ മുബാറക്ക് പന്ത് നിയന്ത്രിച്ച് ഗോളിനെ ലക്ഷ്യമാക്കി. ഗുര്‍പ്രീത് സിംഗ് സന്ധുവിനെ പരാജയപ്പെടുത്തി പന്ത് ഗോളില്‍ വിശ്രമിച്ചു.
ഗോള്‍ വീണതോടെ കളിയുടെ നിയന്ത്രണം പൂര്‍ണമായും യുഎഇ ഏറ്റെടുത്തു. എന്നാല്‍ ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍നിന്നും വ്യത്യസ്തമായി പന്തില്‍ നിയന്ത്രണം ഇല്ലാത്ത കളിയാണ് നടത്തിയത്. ഒരു ഗോള്‍ പരാജയം മുന്നില്‍ കണ്ടെന്നവിധം കളി പതുക്കെയാക്കി. ഇതോടെ ഇന്ത്യന്‍ ഗോള്‍പോസ്റ്റിനെ ലക്ഷ്യമാക്കി യുഎഇ മുന്നോട്ടുകയറി. വീണ്ടും ഇന്ത്യന്‍ പ്രതിരോധ പിഴവ് യുഎഇക്ക് രണ്ടാം ഗോള്‍ സമ്മാനിക്കുകയും ചെയ്തു.
ഇത്തവണയും ലോംഗ് പാസായിരുന്നു ഇന്ത്യയുടെ കഥ കഴിച്ചത്. ബോക്സിനുള്ളിലേക്ക് എത്തിയ ക്രോസ് കാലുകൊണ്ട് നിയന്ത്രിച്ചെടുത്ത മബ്ഹൂത് പ്രീതം കോട്ടാലിനെ ഒഴിഞ്ഞ് പന്തിനെ വലയിലേക്ക് പറഞ്ഞുവിട്ടു. ഗുര്‍പ്രീതിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇഞ്ചുറി ടൈമില്‍ സന്ദേശ് ജിങ്കന്റെ ഹെഡര്‍, ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്ക് തെറിച്ചതോടെ ഒന്നുറപ്പായി, നമുക്കൊപ്പം ഇന്ന് ഫുട്ബോള്‍ ഈശ്വരന്മാര് ഉണ്ടായിരുന്നില്ല.
എണ്ണം പറഞ്ഞ മൂന്നു ഗോളിനെങ്കിലും ജയിക്കേണ്ട ഇന്ത്യ പരാജയം രുചിച്ചിരിക്കുന്നു. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിലാണ് പ്രതീക്ഷ. ജനുവരി 14 ബെഹ്റിനുമായുള്ള മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് നോക്കൗട്ട് പ്രതീക്ഷയ്ക്കു വകയുള്ളു.