പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു

191

ന്യൂഡല്‍ഹി• പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതുസംബന്ധിച്ചു ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജയ്സാല്‍മേറില്‍ യോഗം വിളിച്ചു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുമായാണ് ചര്‍ച്ച നടത്തുക.വാഗ – അത്താരി മേഖലയിലെ ചെക്പോയിന്റാണ് പാക്കിസ്ഥാനെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ പ്രധാനം.നിലവില്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന് വ്യാപാര ചെക്പോയിന്റുകളുള്ളത് ഉറി – സലാംബാദ്, പൂഞ്ച് – റാവല്‍കോട്ട് എന്നിവിടങ്ങളിലാണ്. രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്‌എഫും നിയന്ത്രണരേഖയില്‍ സൈന്യവുമാണ് സുരക്ഷയൊരുക്കുന്നത്.ചെക്പോയിന്റുകള്‍ കുറയ്ക്കുന്നതോടെ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവുവരുമെന്നാണ് പ്രതീക്ഷ. കള്ളക്കടത്തുകാര്‍, അനധികൃത കുടിയേറ്റക്കാര്‍, ഭീകരര്‍ എന്നിവരുടെ കടന്നുകയറ്റം നിയന്ത്രിക്കാമെന്നും അധികൃതര്‍ വിലയിരുത്തുന്നു.കൃത്യമായ യാത്രരേഖകളില്ലാത്തവരെ ഇന്ത്യയിലേക്കു പ്രവേശിപ്പിക്കില്ലെന്നു ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജ്യാന്തര അതിര്‍ത്തിയില്‍ സിസിടിവി ക്യാമറകള്‍, റഡാറുകള്‍, ലേസര്‍ ഭിത്തികള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. പാക്കിസ്ഥാനുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY