ദില്ലി: ഇന്ത്യാ പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കാൻ ആവശ്യമെങ്കിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടുമെന്ന ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെയുടെ നിലപാട് ഇന്ത്യ തള്ളി. തർക്കത്തിൽ ബാഹ്യ ഇടപെടൽ അല്ല പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നടപടിയാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധിയായി ചുമതലയേല്ക്കും ഇന്ത്യാ പാകിസ്ഥാൻ സംഘർഷത്തെക്കുറിച്ച് മുമ്പ് നിക്കി ഹാലെ മാധ്യമങ്ങളോട് പറഞ്ഞ നിലപാടാണ് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്. എന്തെങ്കിലും സംഭവിക്കുന്നത് വരെ അമേരിക്കയ്ക്ക് കാത്തിരിക്കാനാവില്ല. അമേരിക്ക ഇക്കാര്യത്തിൽ ഇടപെട്ടേക്കും. സംഘർഷം ലഘൂകരിക്കണം. പ്രസിഡന്റ് ഡോൺൾഡ് ട്രംപിന്റെ തലത്തിൽ ഇടപെടൽ ഉണ്ടായാലും അത്ഭുതപ്പെടാനില്ല എന്നും നിക്കി ഹാലെ പറഞ്ഞു.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള തർക്കം പരിഹരിക്കാൻ മൂന്നാം കക്ഷി ഇടപെടേണ്ട എന്ന് ഇന്ത്യ പ്രതികരിച്ചു. ഭീകരവാദവും അക്രമവും അവസാനിപ്പിക്കുന്ന അന്തരീക്ഷത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ വിഷയം പരിഹരിക്കും എന്ന നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് വിദേശാകാര്യ വക്താവ് ഗോപാൽ ബാഗ്ലെ അറിയിച്ചു. മേഖലയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം നടപടി എടുക്കുകയാണ് വേണ്ടെതെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യാ-പാകിസ്ഥാൻ ബന്ധത്തിൽ ഇതുവരെ പുലർത്തിയ നിലപാടു മാറ്റി ഇങ്ങോട്ട് വന്ന് ഇടപെടും എന്ന സൂചന ട്രംപ് ഭരണകൂടം നല്കിയത് വിദേശകാര്യ വൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.