ഹൂസ്റ്റണ്‍: ഒരേ സ്വപ്നം തിളക്കമാര്‍ന്ന നാളെ എന്ന സന്ദേശവുമായി യു.എസിലെ ഹൂസ്റ്റണില്‍ ഞായറാഴ്ച നടന്ന സംഗമത്തില്‍ ഇന്ത്യ-യു.എസ്. സൗഹൃദത്തിന്‍റെ പുതിയ ഉയരങ്ങള്‍ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ടെത്തി വേദി പങ്കിട്ടു ഹൗഡി മോദി സംഗമം. 9.20-ന് ട്രംപും മോദിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി. പിന്നാലെ ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ ചരിത്ര, വര്‍ത്തമാനങ്ങളും മോദിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂര്‍ നീണ്ട പ്രസംഗം.പിന്നെ 10.45-ന് മോദിയുടെ പ്രസംഗം.
ഇരുരാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്. ‘വീണ്ടും മോദി’ എന്ന ആരവങ്ങള്‍ക്കിടെ ഇന്ത്യന്‍സമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്.
ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന ‘വോവെന്‍’ എന്ന കലാ-സാംസ്കാരിക പരിപാടിയുമായി നാനൂറോളം കലാകാരന്‍മാര്‍ തുടര്‍ന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെയുടെ സംഗീതപരിപാടി, ഇന്ത്യ-യു.എസ്. പരമ്പരാഗത നാടോടി ഗാന-നൃത്ത സന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂര്‍ നീണ്ട സംഗമത്തിന് തിരശ്ശീലവീണു. അതിഥിയായി ഏതാനും മിനിറ്റുകള്‍മാത്രം ചടങ്ങില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയില്‍ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്.