കോലിക്കും വിജയ്ക്കും സെഞ്ച്വറി ; ഇന്ത്യക്ക് 51 റണ്‍സ് ലീഡ്‌

640

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യക്ക് 51 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. സന്ദര്‍ശകരുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 400 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സ് എന്ന നിലയിലാണ്. മുരളി വിജയുടെയും ക്യാപ്റ്റന്‍ കോലിയുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്‌. ടെസ്റ്റില്‍ മുരളിയുടെ ഏട്ടാം സെഞ്ച്വറിയാണിത്. തൊട്ടുപിന്നാലെ 15-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി കരിയറില്‍ 4000 റണ്‍സും പിന്നിട്ടു. സച്ചിനും ദ്രാവിഡിനും ശേഷം ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി. 241 പന്തില്‍ 147 റണ്‍സെടുത്ത കോലിയും 86 പന്തില്‍ 30 റണ്‍സോടെ ജയന്ത് യാദവുമാണ് ഗ്രീസിലുള്ളത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത് (47). രണ്ടാം വിക്കറ്റില്‍ മുരളിക്കൊപ്പം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പൂജാര മടങ്ങിയത്. നാലാമനായെത്തിയ കോലി മികച്ച ഫോം തുടര്‍ന്നതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും റാഷിദിന്റെ പന്തില്‍ മുരളി (136) പുറത്തായി. മധ്യ നിരയില്‍ കരുണ്‍ നായര്‍, പാര്‍ഥിവ് പട്ടേല്‍, ആര്‍. അശ്വിന്‍, ജഡേജയുടെയും വിക്കറ്റുകള്‍ ക്ഷണനേരം കൊണ്ട് ഇംഗ്ലണ്ട് പിഴുതെടുത്തതോടെ ഇന്ത്യ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ജയന്ത് യാദവിന് കൂട്ടുപിടിച്ച് ബാറ്റേന്തിയ കോലി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മൊയിന്‍ അലി, അദില്‍ റാഷിദ്, ജോ റൂട്ട് എന്നിവരാണ് കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറിയ ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്.

NO COMMENTS

LEAVE A REPLY