ന്യൂഡല്‍ഹി • ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആറു റണ്‍സ് തോല്‍വി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ നേടിയ എട്ടാം ഏകദിന സെഞ്ചുറിയുടെ ബലത്തില്‍ ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ 242 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 49.3 ഓവറില്‍ 236 റണ്‍സില്‍ അവസാനിച്ചു. ഒന്‍പതാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ-ഉമേഷ് യാദവ് സഖ്യം ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി വിജയപ്രതീക്ഷ സമ്മാനിച്ചതാണ്. എന്നാല്‍, വിജയത്തിലേക്ക് എട്ടു പന്തില്‍ 11 റണ്‍സ് എന്ന നിലയില്‍നില്‍ക്കെ ബൗള്‍ട്ടിന് വിക്കറ്റിന് സമ്മാനിച്ച് പാണ്ഡ്യ മടങ്ങിയതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.
32 പന്ത് നേരിട്ട പാണ്ഡ്യ മൂന്നു ബൗണ്ടറികളുള്‍പ്പെടെ 36 റണ്‍സെടുത്തപ്പോള്‍ ഉമേഷ് യാദവ് 23 പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
രണ്ടാമത്തെ മാത്രം ഏകദിന മല്‍സരം കളിക്കുന്ന പാണ്ഡ്യ ബാറ്റിങ്ങിനിറങ്ങുന്ന ആദ്യ ഏകദിനമാണിത്. 41 റണ്‍സെടുത്ത കേദാര്‍ യാദവാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. ന്യൂസീലന്‍ഡിനായി ടീം സൗത്തി മൂന്നും മാര്‍ട്ടിന്‍ ഗപ്റ്റില്‍, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്ബരയില്‍ ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കൊപ്പമെത്തി. ധര്‍മശാലയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. മൂന്നു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബരയില്‍ സമ്ബൂര്‍ണ തോല്‍വി വഴങ്ങിയ ന്യൂസീലന്‍ഡ്, ഈ പരമ്ബരയില്‍ നേടുന്ന ആദ്യ ജയമാണിത്.
ന്യൂസീലന്‍ഡ് ഉയര്‍ത്തിയ താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സ്കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 150-ാം ഏകദിന മല്‍സരം കളിക്കുന്ന രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. 27 പന്തില്‍ ഒരു ബൗണ്ടറിയും സിക്സും സഹിതം 15 റണ്‍സെടുത്ത ശര്‍മയെ ബൗള്‍ട്ട് മടക്കി. സ്കോര്‍ 40ലെത്തിയപ്പോള്‍ കഴിഞ്ഞ കളിയിലെ വിജയശില്‍പിയായ ഉപനായകന്‍ വിരാട് കോഹ്‍ലിയും മടങ്ങി. 13 പന്തില്‍ ഒന്‍പത് റണ്‍സായിരുന്നു കോഹ്‍ലിയുടെ സമ്ബാദ്യം.
അജിങ്ക്യ രഹാനെ (49 പന്തില്‍ 28), മനീഷ് പാണ്ഡെ (25 പന്തില്‍ 19), ധോണി (65 പന്തില്‍ 39), കേദാര്‍ യാദവ് (37 പന്തില്‍ 41), അക്ഷര്‍ പട്ടേല്‍ (22 പന്തില്‍ 17), അമിത് മിശ്ര (മൂന്നു പന്തില്‍ ഒന്ന്) എന്നിവരെല്ലാം നിലയുറപ്പിക്കാന്‍ ശ്രമിക്കാതെ മടങ്ങിയതോടെ ഇന്ത്യന്‍ പോരാട്ടം തീര്‍ന്നെന്നു കരുതിയതാണ്. പിന്നീടായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. 48 പന്തുകള്‍ നേരിട്ട പാണ്ഡ്യ-ഉമേഷ് യാദവ് സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ബൗള്‍ട്ടിനെ സിക്സിന് പറത്താനുള്ള പാണ്ഡ്യയുടെ ശ്രമം സാന്റ്നറിന്റെ കൈകളില്‍ അവസാനിച്ചതോടെ ഇന്ത്യയുടെ പോരാട്ടവും തീര്‍ന്നു. പത്താമനായെത്തിയ ബുംറ ആദ്യ പന്തില്‍തന്നെ പുറത്തായി.
നേരത്തെ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ന്യൂസീലന്‍ഡിന് അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബോളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 30.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലായിരുന്ന ന്യൂസീലന്‍ഡിന് നിശ്ചിത 50 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ 242 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അമിത് മിശ്ര, ജസ്പ്രീത് ബുംറ എന്നിവരാണ് കിവീസിനെ തകര്‍ത്തത്. വില്യംസന്‍ 128 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്സുമുള്‍പ്പെടെ 118 റണ്‍സെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റില്‍ ടോം ലാതത്തിനൊപ്പം വില്യംസന്‍ കൂട്ടിച്ചേര്‍ത്ത 120 റണ്‍സാണ് കിവീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.