കൊല്‍ക്കത്ത• ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു മികച്ച സ്കോര്‍. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 316 റണ്‍സ് നേടി. ഇന്നലെ ഏഴിനു 239 എന്ന നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയുടെ മിന്നുന്ന അര്‍ധ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ മികച്ച സ്കോറിലെത്തുകയായിരുന്നു.ഇന്നിങ്സിന്റെ തുടക്കം മോശമായിരുന്നെങ്കിലും ചേതേശ്വര്‍ പൂജാരയും(87) അജിങ്ക്യ രഹാനെയും(77) നടത്തിയ മികച്ച ചെറുത്തുനില്‍പ്പ് ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്കു മാന്യമായ സ്കോര്‍ സമ്മാനിച്ചു. ഇന്നു ബാറ്റിങ് പുനരാരംഭിച്ചപ്പോള്‍ മുതല്‍ ആക്രമണോത്സുക ബാറ്റിങായിരുന്നു വൃദ്ധിമാന്‍ സാഹയില്‍നിന്നു കണ്ടത്.85 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സുമടക്കം 54 നേടി സാഹ വാലറ്റത്ത് ഇന്ത്യയുടെ നട്ടെല്ലായി.
ഒരുഭാഗത്ത് ഇടയ്ക്കിടെ വിക്കറ്റുകള്‍ വീണെങ്കിലും മറുവശത്തു സാഹ തകര്‍ത്താടി. 14 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും അവസാന വിക്കറ്റില്‍ മുഹമ്മദ് ഷാമിയും സാഹയ്ക്ക് മികച്ച പിന്തുണ നല്‍കി. അവസാന വിക്കറ്റില്‍ സാഹ-ഷാമി സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു.രവീന്ദ്ര ജഡേജയാണ് ഇന്ന് ആദ്യം പുറത്തായത്. ഹെന്‍റിയുടെ പന്തില്‍ ജഡേജയെ വാഗ്നര്‍ പിടികൂടി. അഞ്ചു റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ സാന്റ്നര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. 10-ാം വിക്കറ്റില്‍ സാഹ-ഷാമി സഖ്യം ചെറുത്തുനിന്നതോടെ ഇന്ത്യന്‍ സ്കോര്‍ 300 കടന്നു. ഒടുവില്‍ ബോള്‍ട്ടിന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ഷാമിയുടെ ശ്രമം ഹെന്‍റിയുടെ കൈകളില്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ഇന്നിങ്സിനും വിരാമമായി. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ മൂന്നു ടെസ്റ്റുകളുടെ പരമ്ബരയില്‍ 1-0ന് മുന്നിലാണ്.