ന്യൂഡല്‍ഹി : ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനും 46 റണ്‍സെടുത്ത ടോം ലാഥനുമൊഴികെ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
അവസാന പത്ത് ഓവറില്‍ 33 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. കിവീസിന്റെ അഞ്ച്് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 14 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്ബടിയോടെ 128 പന്തില്‍ നിന്ന് 118 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസണെ അമിത് മിശ്ര പുറത്താക്കുകയായിരുന്നു.
ഇന്ത്യക്കായി അമിത് മിശ്രയും ജ്സപ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുന്നതിന് മുമ്ബേ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ കിവീസിനെ രണ്ടാം വിക്കറ്റില്‍ ടോം ലാഥമും വില്ല്യംസണും ചേര്‍ന്ന കൂട്ടുകെട്ട് കര കയറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും 120 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 46 റണ്‍സെടുത്ത് നില്‍ക്കെ ലാഥം കേദര്‍ ജാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 21 റണ്‍സെടുത്ത റോസ് ടെയ്ലറിനെ അമിത് മിശ്ര പുറത്താക്കി.