കൊല്‍ക്കത്ത• ഈഡനില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കസറി. രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിനിരങ്ങിയ ന്യൂസീലന്‍ഡിനെ ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യ വരിഞ്ഞു മുറക്കി. ഇന്നു കളി അവസാനിക്കുമ്ബോള്‍ ഏഴിനു 128 എന്ന നിലയിലാണു ന്യൂസീലന്‍ഡ്.തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ ന്യൂസീലന്‍ഡിന്റെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു റോസ് ടെയ്ലറും(36), റോഞ്ചിയും(35) നേരിയ ചെറുത്തുനില്‍പ്പു നടത്തിയത് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ ബാറ്റ്സ്മാന്മാരും ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ നിഷ്പ്രഭരായി. അഞ്ചു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ബൗളിങ്ങിന്റെ നട്ടെല്ലായത്. മാര്‍ട്ടിന്‍ ഗുപ്ടില്‍(13), ഹെന്‍റി നിക്കോള്‍സ്(1), റോസ് ടെയ്ലര്‍, സാന്റ്നര്‍(11), മാറ്റ് ഹെന്‍റി(0) എന്നിവര്‍ ഭുവനേശ്വര്‍ കുമാറിനു മുന്നില്‍ മുട്ടുമടക്കി.രവീന്ദ്ര ജഡേഡയും മുഹമ്മദ് സമിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. 12 റണ്‍സ് നേടി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വാട്ലിങും അഞ്ചു റണ്‍സുമായി ജീതന്‍ പട്ടേലുമാണു ക്രീസില്‍.ഇന്നലെ ഏഴിന് 239 റണ്‍സ് എന്ന നിലയില്‍ രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയുടെ വാലറ്റം മികച്ച പ്രകടനം കാഴ്ച്ചവച്ചതാണ് സ്കോര്‍ 316ല്‍ എത്തിച്ചത്. വൃദ്ധിമാന്‍ സാഹയുടെ അര്‍ധസെഞ്ചുറി ഇന്ത്യയെ 300 കടത്തി. 85 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സും നേടിയാണ് സാഹ അര്‍ധ സെഞ്ചുറി തികച്ചത്. രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ 14 റണ്‍സ് വീതം നേടി സാഹയ്ക്കു മികച്ച പിന്തുണ നല്‍കി.കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ മൂന്നു ടെസ്റ്റുകളുടെ പരമ്ബരയില്‍ 1-0ന് മുന്നിലാണ്.