ഖത്തര്‍: സാമ്പത്തിക ക്രമക്കേടില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം അന്വേഷണത്തിന് ഒരുങ്ങുന്നു. 2008 – 2012 കാലത്ത് അമേരിക്കയിലെ ഹൂസറ്റണില്‍ ഇന്ത്യന്‍ നയന്ത്ര പ്രതിനിധിയായി ജോലി ചെയ്യുന്നതിനിടെ രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തി, ആവശ്യമായ അന്വേഷണം നടത്താതെ വൗച്ചറുകളില്‍ ഒപ്പു വച്ചു, ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ചുമത്തയിരിക്കുന്നു. ദില്ലിയില്‍ നിന്നുള്ള ഇംഗ്ലീഷ് ദിനപത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.
2014 ലെ ഇന്ത്യന്‍ സിഎജി റിപ്പോര്‍ട്ട് പ്രകാരം ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രണ്ട് കോടിയില്‍പ്പരം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ അന്വേഷണവുമായി ബന്ധപ്പെട്ട റഫറാണ്ടം സഞ്ജീവ് അറോറയ്ക്ക് കൈമാറിയതായും സൂചനകളുണ്ട്.
എന്നാല്‍ ഹൂസ്റ്റണിലെ തന്‍റെ പ്രവര്‍ത്തന കാലയളവില്‍ ഇത്തരമൊരു സാമ്പത്തിക ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് സഞ്ജീവ് അറോറയുടെ പ്രതികരണം.