ദില്ലി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ബങ്കറുകള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബിഎസ്‌എഫ് പുറത്തുവിട്ടു. ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുള്ളതിന്‍റെ തെളിവാണിതെന്ന് ഒരു മുതിര്‍ന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പാക് സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തിനാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്നലെ സാംബ, റജൗരി എന്നിവിടങ്ങളിലുണ്ടായ പാകിസ്ഥാന്‍ വെടിവയ്പ്പില്‍ രണ്ട് കുട്ടികളുള്‍പ്പെടെ എട്ട് നാട്ടുകാര്‍ മരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നമ്മള്‍ ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താറില്ല. ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് സേനയുടെ നിഗമനം.