ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ് മോചിപ്പിക്കുന്നത്. രാഷ്ട്രീയ റൈഫില്‍സ് അംഗമായ ചൗഹാന്‍ ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള മെന്ദാറിലാണു പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് 22 വയസുള്ള ജവാന്‍ നിയന്ത്രണരേഖ കടന്നത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ, പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് സൈനികന്‍ പാക്കിസ്ഥാന്റെ പിടിയിലായെന്നു വ്യക്തമായത്.
പിടിയിലായ ജവാന്‍ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും ജോലിക്കിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ചൗഹാന്‍ പാക്കിസ്ഥാന്റെ പിടിയിലാണെന്ന വാര്‍ത്തയറിഞ്ഞതിനു പിന്നാലെ ഇദ്ദേഹത്തിന്റെ മുത്തശ്ശി ഹൃദയാഘാതം വന്നു മരിച്ചിരുന്നു. ചൗഹാനെ മോചിപ്പിക്കുന്ന കാര്യം പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചൗഹാനെ വാഗ അതിര്‍ത്തി വഴി തിരിച്ചയയ്ക്കും. മാനുഷിക പരിഗണന വച്ചാണ് ജവാനെ വിട്ടയയ്ക്കുന്നതെന്ന് പാക്കിസ്ഥാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്തരത്തില്‍ സൈനികര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്നത് പതിവാണെന്നും നിലവിലെ സംവിധാനങ്ങള്‍ വഴി അവരെ തിരികെ എത്തിക്കാറുണ്ടെന്നും ഇന്ത്യന്‍ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു. ചൗഹാന്റെ മോചനത്തിനായി ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു.