ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ പ്രവേശിച്ച് നടത്തിയ സൈനികനടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.അധിനിവേശകശ്മീരില്‍ കടക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന വാദവുമായി പാക്സൈന്യം രംഗത്തുവന്നതോടെയാണ് സൈനിക നടപടികളുടെ ഫോട്ടോകളും വിഡീയോകളും ഉള്‍പ്പടെയുള്ള തെളിവുകള്‍ കൈവശമുണ്ടെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചത്.
പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് സൈനിക നടപടികളുടെ മുഴുവനും വീഡിയോയില്‍ ശേഖരിച്ചിട്ടുണ്ട്. സാഹചര്യം വരുമ്ബോള്‍ ഇവ പുറത്തു വിടും- പാക് ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.ഇന്ത്യന്‍ സൈന്യം പാക്‌അധിനിവേശ കശ്മീരില്‍ പ്രവേശിച്ചിട്ടില്ലെന്നായിരുന്നു പാക്സൈന്യത്തിന്റെ നിലപാട്. അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ സൈന്യം ശ്രമിച്ചെങ്കിലും അത് ഫലപ്രദമായി തടഞ്ഞെന്നാണ് പാക്സൈന്യം പറയുന്നത്.എന്നാല്‍ ഇന്ത്യയുടെ സൈനികനടപടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യാഴാഴ്ച്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സൈനികനടപടിയെ അപലപിച്ച പാക് പ്രധാനമന്ത്രി ഇന്ത്യന്‍ സൈന്യത്തിന് മറുപടി നല്‍കാന്‍ പാക്സൈന്യത്തിന് കെല്‍പ്പുണ്ടെന്നും പറഞ്ഞു.പക്ഷേ അതിര്‍ത്തി കടക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമം പ്രതിരോധിക്കുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടെതെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം.