ന്യൂഡല്‍ഹി• പാക്ക് അധീന കശ്മീരിലെ ഭീകരക്യാംപുകളില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനിടെ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന രീതിയില്‍ പാക്ക് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമെന്നു കരസേന. ഇതു സംബന്ധിച്ചു പാക്ക് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ മോര്‍ഫ് െചയ്തതും വ്യാജവുമാണെന്നു സൈന്യം വ്യക്തമാക്കി.നിയന്ത്രണരേഖ കടന്നു പാക്ക് ഭീകരക്യാംപുകളില്‍ ആക്രമണം നടത്തി പോറല്‍പോലുമേല്‍ക്കാതെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്. തിരിച്ചുവരുന്നതിനിടെ ഒരു സൈനികനു നേരിയ പരുക്കേറ്റതു മാത്രമാണു പറയത്തക്ക വസ്തുത. എന്നാല്‍, ഇന്ത്യന്‍ ഭാഗത്തും വലിയ നാശമുണ്ടായെന്ന നിലയ്ക്കാണു പാക്ക് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത്.എന്നാല്‍ ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ സേന പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാന്‍ വാദിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ നാലു മണിക്കൂര്‍ നീണ്ട വെടിവയ്പ്പാണുണ്ടായതെന്നും ഇതില്‍ രണ്ടു പാക്ക് സൈനികര്‍ മരിക്കുകയും ഒമ്ബതു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തെന്നും പാക്കിസ്ഥാന്‍ പറയുന്നു. ഇന്ത്യയുടെ മിന്നലാക്രമണത്തിനു തെളിവുണ്ടോയെന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫ് ചോദിച്ചതായും ചില പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.നിയന്ത്രണരേഖ കടന്നു രണ്ടര കിലോമീറ്റര്‍ മുന്നോട്ടെത്തി ഏഴോളം ഭീകര ക്യാംപുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പ്രത്യേക പരിശീലനം നേടിയ 200 ജവാന്മാരാണു മിന്നലാക്രമണത്തിനു നിയോഗിക്കപ്പെട്ട സംഘത്തിലുണ്ടായിരുന്നത്.