ന്യൂഡല്‍ഹി: ഈ മാസം അവസാനം ഇസ്ലാമാബാദില്‍ നടക്കുന്ന പാകിസ്താന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ സീരീസ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ബഹിഷ്കരിക്കും. പാകിസ്താനെതിരായ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നയതന്ത്രപരമായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ സീരീസ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് തങ്ങളും തീരുമാനിച്ചതെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഖിലേഷ് ദാസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.ഒക്ടോബര്‍ 18 മുതല്‍ 21 വരെയാണ് ഇന്റര്‍നാഷണല്‍ സീരീസ് നടക്കുക.ബാഡ്മിന്റണ്‍ അസോസിയേഷനിലെ അംഗങ്ങളുടെയും ബാഡ്മിന്റണെ സ്നേഹിക്കുന്ന എല്ലാവരുടെയും പേരില്‍ ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തിനൊപ്പം ഞങ്ങളും പിന്തുണ പ്രഖ്യാപിക്കുന്നു.” അഖിലേഷ് ദാസ് വ്യക്തമാക്കി.19 ഇന്ത്യന്‍ സൈനികര്‍ മരിച്ച ഉറി ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഐ.സി.സിയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് ഠാക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കായി പാകിസ്താനെ തോല്‍പിക്കുമെന്ന് നേരത്തെ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാഡ്മിന്റണ്‍ അസോസിയേഷനും പാകിസ്താനെതിരെ രംഗത്തെത്തിയിരിക്കുന്നത്.