ദുബായ്:സമുദ്രജീവികളുടെ സംരക്ഷണത്തിനും കൃഷിസ്ഥലങ്ങളിലെ കായികാധ്വാനം കുറയ്ക്കാനും സഹായിക്കുന്ന റോബോര്‍ട്ടുകളെ നിര്‍മ്മിച്ച് ശ്രദ്ധേയനാകുകയാണ് യുഎഇയിലെ ഇന്ത്യന്‍ ബാലന്‍ സായ്നാഥ് മണികണ്ഠന്‍. യു എ ഇയിലെ ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സായ്നാഥ്.സമുദ്ര മാലിന്യങ്ങളുടെ നിര്‍മാര്‍ജനം ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. സമുദ്രജീവികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ആകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ റോബോര്‍ട്ടുകള്‍ രംഗത്തിറങ്ങിയാലോ? കുട്ടിക്കളി അല്ലാത്ത ഈ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ഇന്ത്യന്‍ ബാലനാണ് സായ്നാഥ്
മറൈന്‍ റോബോര്‍ട്ട്, അഗ്രിക്കള്‍ച്ചറല്‍ റോബോര്‍ട്ട് എന്നീ രണ്ട് കണ്ടുപിടുത്തങ്ങളാണ് സായ്നാഥിന്‍റെ കുട്ടിത്തലയിലുദിച്ച വലിയ ആശയങ്ങള്‍. മറൈന്‍ റോബോര്‍ട്ട്(എംബോട്ട്) സമുദ്രത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സമുദ്രസംരക്ഷണം ഉറപ്പാക്കുമ്ബോള്‍ ചൂട് കൂടുതലായ യുഎഇ പോലുള്ള രാജ്യങ്ങളിലെ കൃഷിയിടങ്ങളില്‍ കര്‍ഷകരുടെ അധ്വാനഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് അഗ്രിബോട്ട് എന്ന് പേരിട്ടിരിക്കുന്ന അഗ്രിക്കള്‍ച്ചറല്‍ റോബോര്‍ട്ട്. ഖലീജ് ടൈസാണ് ഇന്ത്യന്‍ ബാലന്‍റെ നേട്ടം റിപ്പോര്‍ട്ട് ചെയ്തത്.
സുദ്രോപരിതലത്തില്‍ കാണപ്പെടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുന്ന ബോട്ടിന്‍റെ ആകൃതിയിലുള്ള റോബോര്‍ട്ടാണ് എംബോട്ട്. വിദൂരത്ത് നിന്നും റേഡിയോ ഉപയോഗിച്ചാണ് ഇത് നിയന്ത്രിക്കുന്നത്. റോബോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് മോട്ടോറുകളുടെ സഹായത്തോടെ വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കാം. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രിബോട്ട് നിലം ഉഴാനും കള നടാനും കര്‍ഷകര്‍ക്ക് സഹായപ്രദമാണ്.
ഡ്രോപ് ഇറ്റ് യൂത്ത്, തുന്‍സ ഇക്കോ ജെനറേഷന്‍, എമിറേറ്റ്സ് എന്‍വയോണ്‍മെന്‍റല്‍ ഗ്രൂപ്പ് തുടങ്ങിയ നിരവധി പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് സായ്നാഥ് മണികണ്ഠന്‍.