തൃശൂർ : 1872 ലെ ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്ട് പഴയ കൊച്ചി, തിരുവിതാംകൂർ ഭൂപ്രദേശങ്ങളിൽ കൂടി ബാധകമാക്കുന്നതിനു വേണ്ട നിയമനിർമ്മാണത്തിന് നടപടികളെടുക്കാൻ കേരള സർക്കാരിനോടും നിയമ വകുപ്പിനോടും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ശുപാർശ ചെയ്തു.
സംസ്ഥാനത്തു ക്രിസ്ത്യൻ സമുദായത്തിന്റെ വിവാഹം സംബന്ധിച്ച് രണ്ട് നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. മലബാർ പ്രദേശത്തു കേന്ദ്ര നിയമമായ 1872ലെ ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്ടും പഴയ കൊച്ചി നാട്ടുരാജ്യങ്ങൾക്ക് 1095 ലെ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്റ്റും തിരുവിതാംകൂറിൽ കാനോണിയൻ നിയമങ്ങളാണ് ബാധകമായിട്ടുള്ളത്.
ഹർജിക്കാരനായ അഡ്വ. സോളമൻ വർഗീസ് സമർപ്പിച്ച പരാതിയിൽ ഏകീകൃത ക്രിസ്ത്യൻ മാര്യേജ് ആക്ട് നടപ്പിലാക്കാത്തതുമൂലം വിവാഹ രജിസ്ട്രേഷന് നേരിടുന്ന ബുദ്ധിമുട്ടുകൾ കമ്മീഷന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിയമ നിർമ്മാണത്തിനായി ശുപാർശ ചെയ്തു. തൃശൂരിൽ നടന്ന തൃശൂർ, പാലക്കാട് ജില്ലാതല ന്യൂനപക്ഷ അദാലത്തിലാണ് നടപടി.
പാലക്കാട് കാവശ്ശേരിയിലെ അലുവ കമ്പനി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന സമീപവാസികളുടെ പരാതിയിൽ കമ്പനിയുടെ പ്രവർത്തനം ഉടൻ നിർത്തി വെക്കാനും മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിക്ക് ശേഷം പ്രവർത്തനം ആരംഭിക്കാനും കമ്മീഷൻ നിർദേശിച്ചു.
കോഴ്‌സ് ട്രെയിനിങ് പൂർത്തിയാക്കിയിട്ടും കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു കുന്നംകുളം പോളിടെക്നിക്കിലെ വിദ്യാർത്ഥികളുടെ പരാതിയിന്മേൽ ഉടൻ തീർപ്പുകൽപ്പിക്കാൻ നിർദേശിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ ഗ്രേഡ് രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഡിഎംഒ നിയമന ശുപാർശ നൽകുന്നില്ലെന്ന ഉദ്യോഗാർത്ഥിയുടെ പരാതിയിൽ ഉടൻ വിശദീകരണവും കമീഷൻ ആവശ്യപ്പെട്ടു. അദാലത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. 62 പരാതികളിൽ എട്ടെണ്ണം തീർപ്പാക്കി.