കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടോസ് നേടിയ വിന്‍ഡീസ് ഇത്തവണയും ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. 46 റണ്‍സിലെത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും നന്നായിട്ടാണ് തുടങ്ങിയത്.
ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് 264 എന്ന നിലയിലാണ്. ഹനുമ വിഹാരിയും (42) ഋഷഭ് പന്തുമാണ് (27) ക്രീസില്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും (55) നായകന് വിരാട് കോഹ്ലിയുടെ (76) അര്‍ധസ സെഞ്ചുറുകളുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്.
ഇന്ത്യന്‍ സ്കോര്‍ 32ലെത്തിയപ്പോള്‍ രാഹുലിനെ (13) ജേസണ്‍ ഹോള്‍ഡര്‍ കോണ്വാ ലിന്റെ കൈകളിലെത്തിച്ചു.
ചേതേശ്വര്‍ പൂജാരയ്ക്ക് (6) അധിക നേരം ക്രീസില്‍ നില്ക്കാനായില്ല. പുതുമുഖ സ്പിന്നര്‍ കോണ്‍വാല്‍ പൂജാരയെ ഷാമരാ ബ്രൂക്സിന്റെ കൈകളിലെത്തിച്ചു. നായകന് കോഹ്ലി അഗര്‍വാളിനൊപ്പം സാവധാനം കളിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഗര്‍വാള്‍ പുറത്തായ ശേഷമെത്തിയ രഹാനയെ കൂട്ടുപിടിച്ച് 49 റണ്‍സും വിഹാരിയുമായി ചേര്‍ന്ന് 38 റണ്‍സും സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് നായകന് പുറത്തായത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന വിഹാരി-പന്ത് സഖ്യം ഇതുവരെ 62 റണ്‍സ് സ്വന്തമാക്കി.
ഒന്നാം ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായി. പുതുമുഖങ്ങളായ ജാഹ്മര്‍ ഹാമി ല്ട്ടണും സ്പിന്നര്‍ രാഹ്കീം കോണ്‍വാലും ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. കോണ്‍വാല്‍ അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റും നേടി. ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.