ന്യൂഡല്‍ഹി: കരസേനയുടെ അപ്രതീക്ഷിതമായ തിരിച്ചടിക്ക് നേരിട്ട പാകിസ്താന് കൂടുതല്‍ ഭീതിയേകി ഇന്ത്യന്‍ നാവികസേനയും പാകിസ്താന്‍ തീരത്തേക്ക് നീങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പാക് തീരത്ത് നാവികാഭ്യാസം നടത്താനാണ് സേനയുടെ നീക്കം. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നാവികാഭ്യാസമായിരിക്കും ഇത്. ഇന്ത്യയുടെ കൈവശമുള്ള ആധുനിക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും അന്തര്‍വാഹിനികളും ഈ സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. പേര് നാവികാഭ്യാസമെന്നാണെങ്കിലും അഭ്യാസത്തിന്റെ ലക്ഷ്യം പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് അവരുടെ കണ്‍മുന്നില്‍ നല്‍കുകയെന്ന് തന്നെയാണ്. പാകിസ്താന് അതിശക്തമായ മുന്നറിയിപ്പ് നല്‍കാനുള്ള സൈനിക നീക്കത്തില്‍ 36 യുദ്ധക്കപ്പലുകളാണ് പങ്കെടുക്കുക.അറബിക്കടലില്‍ നടക്കുന്ന സൈനികാഭ്യാസത്തിന് ‘ഡിഫന്‍സ് ഓഫ് ഗുജറാത്ത് എക്സൈസ്’എന്നാണ് പേര് നല്‍കിയിട്ടുള്ളത്.
സമുദ്രത്തിലൂടെയുള്ള പാകിസ്താന്റെ തന്ത്രപ്രധാനമായ വാണിജ്യ മാര്‍ഗത്തിലാണ് ഇന്ത്യയുടെ നാവികാഭ്യാസമെന്നതും ശ്രദ്ധേയമാണ്. വ്യോമസേനയും ഇന്ത്യന്‍ നേവിയോടൊപ്പം സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കടല്‍ വഴിയുള്ള ആക്രമണങ്ങളെ നേരിടാന്‍ സേന സജ്ജമായിട്ടുണ്ട്. പാകിസ്താന്റെ കടല്‍ മാര്‍ഗങ്ങളെല്ലാം വരുതിയിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. വ്യോമസേനയുടെ പോര്‍വിമാനങ്ങളായ ജാഗ്വര്‍, സുഖോയ്30 എംകെഐ, ആളില്ലാ വിമാനങ്ങള്‍ എല്ലാം നാവികാഭ്യാസത്തില്‍ പങ്കെടുക്കും. ഇന്ത്യക്കെതിരായ പാകിസ്താന്റെ കടല്‍ വഴിയുള്ള എല്ലാ നീക്കങ്ങള്‍ക്കും തടയിടുകയാണ് സേനയുടെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം യുദ്ധസാഹചര്യങ്ങളുണ്ടായാല്‍ എളുപ്പത്തില്‍ എത്തിപ്പെടാന്‍ ഇത് ഉപകരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.