കേരളത്തിലെ റെയില്‍വേ വികസനനത്തിന് 15,000 കോടി

212

ന്യൂഡല്‍ഹി • തിരുവനന്തപുരം – ചെങ്ങന്നൂര്‍ സബേര്‍ബന്‍ പാത, ശബരി റെയില്‍പാത, പാലക്കാട് കോച്ച്‌ ഫാക്ടറി എന്നിവ ഉള്‍പ്പെടെ കേരളത്തിന്റെ അടിയന്തര റെയില്‍വേ വികസന പദ്ധതികള്‍ക്കു മുന്‍ഗണനാ പട്ടികയായി. 15,000 കോടിയിലേറെ രൂപ ചെലവു കണക്കാക്കുന്ന ഒന്‍പതു പദ്ധതികളാണു പട്ടികയിലുള്ളത്. ഇവ നടപ്പാക്കുന്നതിനു റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്ത സംരംഭ കരാറില്‍ ഒപ്പുവച്ചു. സബേര്‍ബന്‍ പാതയ്ക്ക് (ആര്‍ആര്‍ടിഎസ്) 3,100 കോടി രൂപയും ശബരി പാതയ്ക്ക് 1,500 കോടി രൂപയുമാണു ചെലവു പ്രതീക്ഷിക്കുന്നതെന്നു ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, പ്രോജക്‌ട് ഡയറക്ടര്‍ ടോമി സിറിയക് എന്നിവര്‍ പറഞ്ഞു. രണ്ടു പദ്ധതികളുടെയും വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്.

സബേര്‍ബന്‍ പദ്ധതിക്ക് 500 കോടി രൂപ റെയില്‍വേയും 500 കോടി രൂപ സംസ്ഥാനവും മുതല്‍മുടക്കും. അവശേഷിക്കുന്ന 2,100 കോടി രൂപ കണ്ടെത്തേണ്ടതു സംയുക്ത സംരംഭ കമ്ബനിയുടെ മേല്‍നോട്ടത്തില്‍ രൂപംകൊടുക്കുന്ന പ്രത്യേക നിര്‍വഹണ സംവിധാനം (എസ്പിവി) വഴിയാണ്. അങ്കമാലി-ശബരി പാതയ്ക്ക് അടങ്കല്‍ 1500 കോടി രൂപയായി പുതുക്കിനിശ്ചയിച്ചിട്ടുണ്ട്. തടസ്സങ്ങള്‍ നീക്കി ഭൂമിയേറ്റെടുക്കല്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതാണു സംസ്ഥാനത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. സംസ്ഥാനം ഏറ്റെടുത്തു നല്‍കുന്ന ഭൂമിയുടെ മൂല്യവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തത്തുല്യവിഹിതവും കഴിഞ്ഞു പദ്ധതി പൂര്‍ത്തിയാക്കുന്നതിനുവേണ്ട അധികത്തുക കണ്ടെത്തണം.

ഭൂമിയേറ്റെടുത്തിട്ടും പങ്കാളികളില്ലാതെ മുടങ്ങിക്കിടക്കുന്ന പാലക്കാട് കോച്ച്‌ ഫാക്ടറിയുടെ ശാപമോക്ഷത്തിനും വഴിതെളിഞ്ഞു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയിട്ടില്ല. 20 കിലോമീറ്റര്‍ തുരങ്കങ്ങള്‍ ഉള്‍പ്പെടെ വന്‍ ചെലവാണു നിലമ്ബൂര്‍-നഞ്ചങ്കോട് പദ്ധതിക്കു കണക്കാക്കുന്നത്. എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍, ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷന്‍ എന്നിവയുടെ പുനരുദ്ധാരണവും വികസനവും മന്ത്രി സുരേഷ് പ്രഭുവിന്റെതന്നെ താല്‍പര്യപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പണമില്ലാതെ മുടങ്ങുന്ന സാഹചര്യത്തിലാണു സംയുക്ത സംരംഭത്തിലൂടെ വികസനം എന്ന ആശയം റെയില്‍വേ മുന്നോട്ടുവച്ചത്.

NO COMMENTS

LEAVE A REPLY