ഓണ്‍ലൈന്‍ ടിക്കറ്റിന് 92 പൈസയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ റെയില്‍വേയുടെ നീക്കത്തിന് മികച്ച പ്രതികരണം

196

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റിന് 92 പൈസയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ റെയില്‍വേയുടെ നീക്കത്തിന് മികച്ച പ്രതികരണം. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ആദ്യ 25 മണിക്കൂറില്‍ ടിക്കറ്റ് ബുക്ക് ചെയ്ത 40 ശതമാനം യാത്രക്കാരും ഇന്‍ഷുറന്‍സ് ഓപ്ഷന്‍ തിരഞ്ഞെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.എയര്‍ലൈന്‍സുകളിലേതിന് സമാനമായ ഇന്‍ഷുറന്‍സ് രീതി വ്യാഴാഴ്ചയാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തത്. റെയില്‍വേയുടെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റായ ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ 92 പൈസ അധികം നല്‍കിയാല്‍ യാത്രയില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്.

പദ്ധതി നിലവില്‍ വന്ന ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത 5,32,703 പേരില്‍ 2.22.605 പേരും ഇന്‍ഷുറന്‍സിനായി അധികപണം നല്‍കാന്‍ തയ്യാറായി. യാത്രക്കാരുടെ പരിരക്ഷയ്ക്കൊപ്പം റെയില്‍വേയ്ക്ക് വന്‍തുക അധിക വരുമാനം ലഭിക്കുമെന്നതാണ് പദ്ധതിയുടെ മെച്ചം.
ഇ-ടിക്കറ്റിങ് വഴി മാത്രം റെയില്‍വേ 22 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് പദ്ധതി കൗണ്ടര്‍ ടിക്കറ്റുകളിലേക്കും വ്യാപിപ്പിച്ചാല്‍ 670 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിദിനം 2.30 കോടി യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്.
ന്‍ഷുറന്‍സ് പദ്ധതി പ്രകാരം യാത്രാവേളയില്‍ എന്തെങ്കിലും അപകടം സംഭവിച്ച്‌ മരണപ്പെടുകയോ പൂര്‍ണവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കിട്ടും. ശാരീരിക വൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപവരെ കിട്ടും. രണ്ട് ലക്ഷം രൂപവരെ ആസ്പത്രി ചിലവായും ഈ പദ്ധതി പ്രകാരം ലഭിക്കും.
സ്ലീപ്പര്‍, എസി ക്ലാസ് വ്യത്യാസമില്ലാതെ സബര്‍ബന്‍ തീവണ്ടികളില്‍ ഒഴികെ ഏത് ട്രെയിനിലെ യാത്രയ്ക്കും ഒരു രൂപ പ്രീമിയം നല്‍കിയാല്‍ ഈ പരിരക്ഷ ലഭിക്കും. ഐ.സി.ഐ.സി.ഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഐആര്‍സിടിസി ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇന്‍ഷുറന്‍സ് സേവനം വേണം എന്ന ഓപ്ഷന്‍ സ്വീകരിച്ചാല്‍ ടിക്കറ്റ് നിരക്കിനൊപ്പം ഈ തുകയും റെയില്‍വേ ഈടാക്കും. പ്രീമിയം അടച്ചാല്‍ നോമിനിയുടെ വിശദാംശങ്ങള്‍ അടക്കമുള്ള വിവരം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്ന മെനു ലഭ്യമാകും. ടിക്കറ്റ് ആവശ്യമില്ലാത്ത അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഈ പരിരക്ഷ വേണമെന്നുണ്ടെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വിശദാംശങ്ങള്‍ നല്‍കേണ്ടതാണ്.

NO COMMENTS

LEAVE A REPLY