മുംബൈ: ന്യൂസിലാന്‍ഡിനെതിരെ ഏകദിന-ടെസ്റ്റ് പരമ്പര നേടിയ ശേഷം ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പരമ്ബരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ ടീമിനെയാണ് എംഎസ്കെ പ്രസാദിനിന്‍റെ മേല്‍നോട്ടത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പരിക്ക് മൂലം ഒഴിവാക്കി.
ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. വിശ്രമത്തിലായിരുന്ന പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയും ടീമില്‍ തിരച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ പകരക്കാരനായി ടീമില്‍ തിരിച്ചെത്തിയ ഗൗതം ഗംഭീര്‍ സ്ഥാനം നിലനിര്‍ത്തി. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ഗംഭീര്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ കളിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ടീമിലുണ്ടായിരുന്ന ഓള്‍ റൗണ്ടര്‍ ജയന്ത് യാദവും സ്ഥാനം നിലനിര്‍ത്തി ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന മുഹമ്മദ് ഷാമി, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി. ഈ മാസം ഒമ്പതിന് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ടീം – വിരാട് കൊഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യാ രഹാനെ, പൂജാര, ഗൗതം ഗംഭീര്‍, ജയന്ത് യാദവ്, അമിത് മിശ്ര, ആര്‍.അശ്വന്‍, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, സാഹ (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, മുരളി വിജയി, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഹര്‍ദ്ദിക്ക് പാണ്ഡ്യ.