കാസറകോട് : ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ നടത്തുന്ന പ്രവൃത്തനങ്ങള്‍ ആഗോളതലത്തില്‍ തന്നെ മാതൃക
യാണെന്ന് കേന്ദ്ര വിദേശ പാര്‍ലമെന്ററി കാര്യ സഹ മന്ത്രി വി മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ നടന്ന 29-ാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ടുപിടിത്തങ്ങള്‍ ജനങ്ങളിലും ബന്ധപ്പെട്ട മേഖലകളിലും പ്രതിഫലിക്കുമ്പോഴാണ് ശാസ്ത്രം അതിന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും വി മുരളീധരന്‍ പറഞ്ഞു.
സൗരോര്‍ജം കൊണ്ട് ലോകത്തെ ചലിപ്പിക്കാമെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഭാരത സര്‍ക്കാരിന് കഴിഞ്ഞിട്ടു ണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ ഗവേഷണ രംഗത്ത ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് ഒരു വിസ്മയമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ കഴിവുകള്‍ ലോകശ്രദ്ധ നേടിയതാണ്. ശാസ്ത്ര സാങ്കേതിക വിദ്യയും സമൂഹവും ഇഴചേര്‍ന്ന് പ്രവൃത്തിക്കുമ്പോഴാണ് വികസനം യാഥാര്‍ത്യമാവുന്നത്. ശാസ്ത്രം വളരെയധികം വളര്‍ന്നിട്ടും നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. സാധാരണക്കാര്‍ക്കുവേണ്ടിയാവണം ഇനിയുള്ള കണ്ടുപിടുത്തങ്ങള്‍ എന്നും മന്ത്രി പറഞ്ഞു.
ശാത്രജ്ഞര്‍ക്ക് ഒരുമിച്ച് ചേരാനും പ്രധാനപ്പെട്ട ശാസ്ത്ര സംഭാവനകള്‍ പങ്കുവെയ്ക്കാനും മഹത്വപൂര്‍ണ്ണമായ മുന്നേറ്റങ്ങള്‍ കരസ്ഥമാക്കിയവരെ ആദരിക്കാനുമുള്ള പ്രധാനവേദിയാണ് സ്വദേശി കേണ്‍ഗ്രസ്സെന്നും സ്വദേശി കോണ്‍ഗ്രസും വിജ്ഞാന്‍ ഭാരതിയും നടത്തുന്ന ഇടപെടലുകള്‍ അഭിമാനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഐതീഹ്യ ങ്ങളും പുരാണങ്ങളുമെല്ലാം ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാാറി വരുന്നവയാണ്. ഇവ മനുഷ്യര്‍ക്ക് ലോകത്തെ അറിയാനും മനസ്സിലാക്കാനും സഹായിക്കുന്നവയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തോടെ ഇന്ന് ഇളം തലമുറയില്‍പ്പെട്ടവരിലേക്കു പോലും നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര പാരമ്പര്യം എത്തിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
മികച്ച പപ്പായ കര്‍ഷകനുള്ള പുരസ്‌ക്കാരം എ.എം. സുബ്രഹ്മണ്യനും മികച്ച പപ്പായ സംരംഭക്ത്വ സ്ഥാപനത്തിനുള്ള പുരസ്‌ക്കാരം മലപ്പുറത്തെ പപ്പായിന്‍ സൊസൈറ്റിക്കും മന്ത്രി സമ്മാനിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കുഫോസും സഹകരിച്ച് പ്രവൃത്തിക്കുന്നതിനുള്ള ധാരണാപത്രം മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൈമാറി.
കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനവും കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സംയുക്തമായാണ് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചത് .സ്വദേശി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഡോ.കെ.മുരളീധരന്‍ അധ്യക്ഷനായി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ജി ഗോപകുമാര്‍, കേരള മത്സ്യ സമുദ്രപഠന സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എ രാമചന്ദ്രന്‍, ഐ.സി.എ.ആര്‍ ഡയറക്ടര്‍ ഡോ.അനിത കരുണ്‍, സി.യു.കെ ഡീന്‍ ഡോ. രാജേന്ദ്ര പിലാന്‍കട്ട, വിജ്ഞാന്‍ ഭാരതി സെക്രട്ടറി വിവേകാനന്ദ പൈ, കുഫോസ് വൈസ്ചാന്‍സ് ലര്‍ ഡോ.രാമചന്ദ്രന്‍,സ്വദേശി കോണ്‍ഗ്രസ് സെക്രട്ടറി ഡോ.എ.ആര്‍.എസ്.മേനോന്‍ എന്നിവര്‍ സംസാരിച്ചു. ഭാരതീയ ശാസ്ത്ര പൈതൃകം എന്ന വിഷയത്തില്‍ പദ്മ വിഭൂഷണ്‍ പരമേശ്വര്‍ജി അനുസ്മരണ സമ്മേളനം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.